Saturday, October 22, 2016

പശുവും യോഗയും പിന്നെ ഞാനും


0 comments

വീടിനടുത്ത് പുതിയ താമസക്കാരി വന്നിട്ടുണ്ട്. എന്റെ പഴയൊരു ഫ്രണ്ടാണ്. ഭരതനാട്യം പഠിക്കുന്ന കൂട്ടത്തിൽ യോഗ ട്രൈനിംഗ് ഒക്കെ കഴിഞ്ഞയാളാ.

രാവിലെ എഴുന്നേറ്റ് എന്നും അവൾ യോഗ ചെയ്യും. എന്നോടും പറയും യോഗ ശീലിക്കാൻ. മാനസികവും ശാരീരികമായും നല്ല ഉന്മേഷവും ഊർജ്ജവും കിട്ടും എന്നൊക്കെ ക്ലാസ്സെടുക്കും അവൾ. ആ സമയത്ത് ഓക്കേ എന്നൊക്കെ പറയുമെങ്കിലും പിറ്റേന്നായാൽ ഞാൻ പോവില്ല.

യോഗ പരിശീലിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല ട്ടോ പോവാത്തെ. ഓടുകയും ചാടുകയും ചെയ്യാതെ വീട്ടിനുള്ളിൽ വെച്ച് ചെയ്യാൻ പറ്റുന്ന വ്യായാമം ആർക്കാ ഇഷ്ടാമല്ലാത്തെ. ബട്ട് പ്രോബ്ലം ഈസ് ഇത്തിരി ഭക്തിയൊക്കെയുള്ള അവൾക്ക്  കുളിച്ചു ശുദ്ധിയായി വെറും വയറ്റിൽ വേണം യോഗ ചെയ്യാൻ എന്ന് നിർബന്ധം ഉണ്ട്. വെറും വയർ എങ്ങിനെ എങ്കിലും ഒപ്പിക്കാം... പക്ഷേ കാലത്ത് ഇണീറ്റ് കുളിക്കുക... അതാണ് എനിക്ക് പറ്റാത്തെ.

" റെസിയാ... ഇഞ്ഞ് ഇണീക്ക്ന്നില്ലേ..? ഏഴ് മണി കഴിഞ്ഞിക്കേ...കുഞ്ഞന് സ്കൂളിൽ പോണ്ടതാണേ... " എന്ന ഉമ്മയുടെ കർണ്ണ കഠോരമായ മൊഴി കേൾക്കാതിരിക്കാൻ ബ്ലാങ്കറ്റ് തല വഴി പുതച്ച് തലയണയിൽ ചെവി അമർത്തി കിടക്കുന്ന എന്റെ വിഷമമുണ്ടോ മൂന്നരക്ക് ഇണീറ്റിട്ട് നാലു മണി ആവാനായി അക്ഷമയോടെ തിരിഞ്ഞും മലന്നും കിടക്കുന്ന അവൾക്ക് മനസ്സിലാവുന്നു.

അതവൾ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല  മക്കളെ സ്കൂളിൽ വിട്ടിട്ട് നമുക്ക് ചെയ്യാം എന്നായി ഈയിടെ അവൾ. ഞാൻ വലിയ വായിൽ ഓക്കേ എന്നൊക്കെ പറയും. പക്ഷേ മോനെ സ്കൂൾ വണ്ടിയിൽ കേറ്റി വിട്ടാൽ അപ്പൊ തുടങ്ങും പാവം എനിക്ക് മടിയുടെ അസുഖം. പിന്നെ മൊബൈലിൽ നെറ്റ് ഓണാക്കി ബെഡിൽ വീഴാതെ എനിക്ക് സമാധാനം കിട്ടില്ലാ...

കഴിഞ്ഞ വെള്ളി മോനെ വണ്ടിയിൽ കേറ്റി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പൊ  അവൾ പറഞ്ഞു "ഞാൻ  മുടി കൊഴിച്ചലിനുള്ള പച്ചമരുന്നിന്റെ കൂട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിനക്ക് വേണെങ്കിൽ വാ.. ഞാൻ തേക്കാൻ പോകുവാ " എന്ന്.  കേൾക്കേണ്ട പാതി ഞാനവളുടെ വീട്ടിൽ പോയി അതു വാങ്ങി തലയിൽ തേച്ചു. തേച്ചു കഴിഞ്ഞപ്പൊഴാ ഓർത്തെ. ഇനിയിപ്പോ കുളിക്കാതെ നിവൃത്തിയില്ലലോ എന്ന്.

"എന്തായാലും നിനക്കെനി കുളിക്കണ്ടെ.  ചായ കുടിച്ചിക്കില്ലാലോ... കുളിച്ചിട്ട് ഇങ്ങ് പോര്,  മ്മക്ക് യോഗ ചെയ്യാലോ"

വീട്ടിലേക്ക് നടക്കുമ്പൊ പിന്നിൽ നിന്ന് കള്ളച്ചിരിയോടെ അവളുടെ മൊഴി. സൗന്ദര്യ വർദ്ദനവ്  എന്ന എന്റെ വീക്നസ്സിൽ പിടിച്ച് എനിക്കിട്ട് നൈസായിട്ടൊരു പണി തന്നതാ എന്ന് അപ്പൊഴാ എനിക്ക് മനസ്സിലായെ.

ആ.... എന്തേലും ആവട്ടെ..എന്തായാലും നനഞ്ഞില്ലേ. ഇനി യോഗ ചെയ്തിട്ടു കയറാം.  ഞാനും കരുതി.

കുളിച്ച് യോഗ ചെയ്യാനായി ഞാൻ ചെന്നപ്പൊ അവൾ പൂജാ മുറിയിൽ തിരി തെളിയിച്ച് പ്രാർത്ഥിച്ച് നെറ്റിയിൽ ചന്ദനം വരക്കുകയാണ്. ഇത് കണ്ടപ്പൊ ഞാനും വീട്ടിലേക്കോടി.  ഫാത്ത്വിഹ ഓതി കണ്ണിൽ സുറുമ വരച്ച്  തിരികെ ചെന്നു. അല്ല പിന്നെ. മ്മളും കുറക്കരുതല്ലോ...

അങ്ങനെ ഞങ്ങൾ യോഗയിലേക്ക് കടന്നു. യോഗയിലെ ഓരോ മുറകളും അതിന്റെ ഗുണങ്ങളും  വിവരിച്ച് തന്ന്  ഓരോന്നായി എന്നെ കൊണ്ട് അവൾ ചെയ്യിച്ചു തുടങ്ങി. ശ്വസനക്രിയയും എന്തൊക്കെയോ ആസനങ്ങളും ഒക്കെ കഴിഞ്ഞ് വൃക്ഷാസനത്തിൽ നിൽക്കുമ്പൊഴാണ് ഉമ്മയുടെ " റെസിയാ വേഗം വാ... കണ്ണൂട്ടി കയറു പൊട്ടിച്ചു " എന്നു പറഞ്ഞുള്ള വിളി കേൾക്കുന്നത്.

ഉമ്മയുടെ വിളി കേട്ട ഞാൻ യോഗ പാതി വഴിയിൽ ഉപേക്ഷിച്ച് ഓടി. വ്യക്ഷാസനത്തിൽ ആയതു കൊണ്ട് ഇറങ്ങി ഓടാൻ എളുപ്പമായി. പത്മാസനത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ.

ഞാൻ ചെല്ലുമ്പോ പശു  കഴുത്തിൽ കയറില്ലാതെ പിറന്ന പടി ഓടുകയാ. പിന്നാലെ ഉമ്മയും വേറെ രണ്ടു പേരും. ഞാനും അവരുടെ കൂടെ ജോയിൻ ചെയ്തു. ഓടിച്ച് ഞങ്ങളെല്ലാം രണ്ടു മൂന്ന് പറമ്പ് മഴുവൻ കവർ ചെയ്തു. ഇടക്ക് ഞങ്ങൾ  അടുത്തെത്തി ദാ കിട്ടിപ്പോയി എന്ന അവസ്ഥ എത്തും. തൊടക്കയർ കഴുത്തിൽ കുരുക്കാൻ നോക്കുമ്പൊഴേക്കും "കമോൺഡ്രാ... ഫോളോ മീ...." എന്ന് പറഞ്ഞ് പശു വീണ്ടും ഞങ്ങളെ ഓടിക്കും. 

ഇത് കാണുമ്പൊ  അയൽക്കാർ ഓരോരുത്തരായി ജോയിൻ ചെയ്യും. അങ്ങനെ ഓരോരുത്തരായി വന്നു വന്നു പിന്നെ ഒരു ജാഥ തന്നെയായി.

അവസാനം എല്ലാരും ഓടിത്തളർന്നപ്പൊഴാ ഒരു നഗ്ന സത്യം  മനസ്സിലായത്.  പശുവിനെ കായിക ബലം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റില്ല . ബുദ്ധി തന്നെ വേണം എന്ന്. അങ്ങിനെ എല്ലാരും തല പുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. പെട്ടെന്നാണ് കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ള എനിക്ക് ഒരു ബുദ്ധി ഉദിച്ചത്. 

"ഓപ്പറേഷൻ കാലിത്തീറ്റ വിത്ത് കയർ "

എന്ന് വെച്ചാൽ കാലിത്തീറ്റ ബക്കറ്റിലാക്കി വെച്ച് പശു അത് തിന്നാൻ വരുമ്പൊ മെല്ലെ കഴുത്തിൽ കയറിടുക.

വൊ ... എല്ലാരും എന്റെ ബുദ്ധിയെ പ്രകീർത്തിച്ച് കയ്യടിച്ച് ഐഡിയ പാസ്സാക്കി.

എന്റെ ഐഡിയ പെട്ടെന്ന് തന്നെ വിജയം കണ്ടു. പശുവിനെ മൂക്കു കയറിൽ ഒതുക്കാൻ പറ്റി. അപ്പൊഴേക്കും മണിക്കൂർ 2-3 കഴിഞ്ഞിരുന്നു.

"ഡീ... യോഗ ചെയ്താൽ ശവാസനം കഴിയാതെ എഴുന്നേൽക്കാൻ പാടില്ലെന്നാ.."

തളർന്നു പണ്ടാരമടങ്ങി ക്ഷീണം മാറ്റാൻ ബെഡിൽ പോയി ഫ്ലാറ്റായ എന്റടുത്തേക്ക് വന്നു കൊണ്ട് അവളുടെ മുന്നറിയിപ്പ്.

"ഓട്രാ..പാണ്ടി ലോറിയുടെ അടിയിൽ പെട്ട തവളയെ പോലെ കിടക്കുന്ന ഈ കിടപ്പിനെക്കാൾ വലിയ എന്ത് ശവാസനാ ഇനി ചെയ്യാനുള്ളത്." എന്ന് പറയാൻ വന്നതാ. ക്ഷീണം കാരണം വേണ്ടെന്ന് വെച്ചു.

ഹും... അവൾക്കെന്തറിയാം അപ്പൊ ഞാനവിടെ   ശവാസനം ചെയ്യാൻ നിന്നിരുന്നെങ്കിൽ ഉമ്മ എന്റെ ശവമടക്ക് നടത്തിയേനെ...

അല്ലേലും ഈ യോഗ എന്നൊക്കെ പറയുന്നത് ഒരു യോഗ. നമ്മളെ കൊണ്ടൊന്നും കൂട്ടിയാ കൂടുകേല്ല....

Read more...