ചില സമയത്ത് 20 രുപക്ക് മുന്നിൽ 500രൂപ ഒന്നും അല്ല എന്ന് അനുഭവം എന്നെ പഠിപ്പിച്ചു. എന്തെ, അതിശയം തോന്നുന്നോ..? ഇത് വായിക്കൂ.
ഒരാഴ്ച മുൻപ് വെക്കേഷൻ പ്രമാണിച്ച് ഇത്തയുടെ വീട്ടിൽ പോവുകയായിരുന്നു ഞാൻ. രാവിലെ തുടങ്ങിയ ഒരുക്കം കുളിയും, തേവാരവും, പെയിൻറടിയുമെല്ലാം കഴിഞ്ഞു ഇറങ്ങുമ്പൊഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. പേരാമ്പ്രയാണു ഇത്തയുടെ വീട്. വടകരയിൽ നിന്നു എന്റെ നാട്ടിലൂടെ പേരാമ്പ്രക്ക് നേരിട്ട് ബസ്സ് ഉണ്ട്. ഞാൻ വീട്ടിൽ നിന്നും ഓട്ടോയിൽ ടൗണിൽ എത്തുമ്പോൾ ബസ്സ്, സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നുണ്ടായിരുന്നു.
മഴക്കോളും, സമയം വൈകിയതും എല്ലാം കൂടെയുള്ള ഭയം കാരണം ബസ്സിനു കൊടുക്കാൻ വേണ്ടി ചില്ലറയാക്കാൻ കയ്യിൽ കരുതിയ 500 രൂപയുടെ കാര്യം മറന്നു ബസ്സിൽ ചാടിക്കയറി. കണ്ടക്റ്റർ അരികിലേക്ക് വരുന്നത് കണ്ടപ്പോഴാണ് ചില്ലറയാക്കാൻ മറന്നല്ലോ എന്ന കാര്യം ഓർമ്മ വന്നത്. പിന്നെ നെഞ്ച് പട പടാന്നു മിടിക്കാൻ തുടങ്ങി. പണ്ടു ഹോം വർക്ക് ചെയ്യാത്തതിനു കണക്ക് മാഷ് പിടിച്ചപ്പൊ പോലും ഞാൻ ഇത്ര ഭയന്നിട്ടുണ്ടാവില്ല. ധൈര്യം സംഭരിച്ചു ദൈവത്തയും ഒർമ്മയിൽ വന്ന സകല ദൈവ ദൂതന്മാരേയുമൊക്കെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് "ഒരു പേരാമ്പ്ര" എന്നു പറഞ്ഞു 500 രൂപ കണ്ടക്ടറുടെ കയ്യിൽ കൊടുത്തു.
ആപത് ഘട്ടങ്ങളിൽ മാത്രം ദൈവത്തെ ഓർക്കുന്ന എന്റെ പ്രാർത്ഥനയിലെ കാപട്യം മനസ്സിലായിട്ടാവണം ദൈവം എന്നെ തുണച്ചില്ല. പേടിച്ചത് തന്നെ സംഭവിച്ചു. ചില്ലറക്ക് ആവശ്യപ്പെട്ട കണ്ടക്ടറോട് ചില്ലറ ഇല്ല എന്നു പറഞ്ഞതും ആ 500 രൂപ എറിയുന്നത് പോലെ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ബസ്സിൽ 500 രൂപ കൊടുക്കുക എന്ന മഹാപരാധമല്ലേ ചെയ്തിരിക്കുന്നത്. സഹിക്കുക അല്ലാതെന്തു ചെയ്യും. 500 രൂപയോട് ആദ്യമായി വെറുപ്പ് തോന്നിയ നിമിഷങ്ങൾ.
ബസ്സിൽ തിരക്കില്ലാത്തതിനാൽ എല്ലാർക്കും ഈ സീൻ കാണാമായിരുന്നു. പരിഹാസമോ സഹതാപമോ എന്നു തിരിച്ചരിയാൻ കഴിയാത്ത വിധത്തിലുള്ള നോട്ടങ്ങൾ. ഭൂമി പിളർന്നു അകത്തേക്ക് പോയിരുന്നെങ്കിൽ എന്ന് പോലും ആശിച്ചു പോയി ഞാൻ. എന്തു ചെയ്യാം. അതിന് ഞാൻ സീതയല്ലല്ലോ.
ചമ്മൽ മറക്കാനായി ഞാൻ ബാഗിൽ ചിലറയ്ക്ക് തപ്പലോട് തപ്പൽ. എവ്ടെ.... ഉണ്ടായിട്ടു വേണ്ടേ കിട്ടാൻ. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്നൊക്കെ ചിന്തിച്ച് എന്തു ചെയ്യണമെന്നറിയാതെ ആത്മവിശ്വാസം ചോർന്ന് പകച്ചു നിൽക്കുമ്പൊഴാണ് അടുത്ത സീറ്റിൽ ഇരിക്കുന്ന ചേച്ചി "എന്താ പൈസ വേണോ" എന്നു ചോദിക്കുന്നത്. ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ മുഖ പരിചയമുള്ള ചേച്ചിയാണ് .ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക് "വേണം" എന്നു പറയാൻ. ആ ചേച്ചി 20 രൂപ എനിക്ക് തന്നു അവരുടെ സ്റ്റോപ്പിൽ ഇറങ്ങിപ്പോയി.
അതുവരെ കുനിഞ്ഞു നിൽകുന്ന എന്റെ തല പൈസ കിട്ടിയതും പെട്ടെന്നു ഉയർന്നു. നഷ്ടപ്പെട്ട അത്മ വിശ്വാസം പതിൻ മടങ്ങായി വീണ്ടെടുത്ത് എന്റെ നിസ്സഹായാവസ്ഥ ആസ്വദിക്കുകയായിരുന്നു കണ്ടക്റ്റർക്ക് നേരെ വിജയ ഭാവത്തോടെ നോക്കി ഞാൻ പൈസ കയ്യിൽ വെച്ചു കൊടുത്തു. " ഇത്ര നേരം ഓടിയിട്ട് 500 രൂപക്കുള്ള ചില്ലറ നിങ്ങളുടെ കയ്യിൽ ഇല്ല അല്ലേ" എന്നു കലിപ്പോടെ ചോദിക്കാനും ഞാനപ്പോൾ മടിച്ചില്ല. എന്റെ കലിപ്പ് ഭാവം കണ്ടിട്ടാകണം പൈസയും മേടിച്ച് അയാൾ പിന്നിലേക്ക് ഒറ്റ വലിയൽ.
തള്ളേ കലിപ്പ് തീരണില്ലല്ലോ...അവനോടുള്ള എൻറെ കലിപ്പ് എങ്ങനെ തീർക്കും..?. കുറെ കാലമായി ബസ്സിൽ യാത്ര ചെയ്യാത്തത് കൊണ്ടു പേരാമ്പ്രക്ക് എത്ര രൂപയാണെന്ന് എനിക്കറിയില്ല. 20 രൂപ തന്നെ ഉണ്ടാവുമോ..? ഇല്ലെങ്കിൽ ബാക്കി പൈസക്ക് ചോദിക്കുമ്പോൾ രണ്ട് പറയാമായിരുന്നു. ഇങ്ങനെ ചിന്തിച്ചു തല പുകയ്ക്കുമ്പോഴാണ് പെട്ടെന്ന് എന്റെ തലയിൽ ട്യൂബ് ലൈറ്റ് മിന്നുന്നത്. ലവൻ എനിക്ക് ടിക്കറ്റ് തന്നിട്ടില്ല...!!!!.
പിന്നെയുണ്ടോ എൻറെ മനസ്സ് അടങ്ങിയിരിക്കുന്നു. ഗോൾ അടിക്കാൻ പാകത്തിൽ ബോൾ എനിക്ക് കിട്ടിയിരിക്കുവല്ലേ. ബാക്ക് ഡോറിൽ നിൽക്കുന്ന അയാളെ നോക്കുമ്പോഴൊക്കെ എനിക്ക് മുഖം തരാതെ അയാൾ നോട്ടം മാറ്റിക്കളഞ്ഞു. അവസാനം മുന്നിൽ യാത്രക്കാർ കൂടിയപ്പോൾ ഗത്യന്തരം ഇല്ലാതെ ടിക്കറ്റ് മുറിക്കാൻ വന്ന അയാളോട് "എനിക്ക് ടിക്കറ്റ് കിട്ടീല്ല" എന്നു പറഞ്ഞു. ഇത്തിരി നേരം ടിക്കറ്റിൽ നോക്കി ആലോചിച്ചു അയാളെനിക്ക് ടിക്കറ്റ് മുറിച്ചു തന്നു. സത്യം പറഞ്ഞാൽ നേരത്തെ പൈസ കോടുക്കുമ്പോൾ എന്റെ കണ്ണിലെ LED ലൈറ്റ് കാരണം അയാളോട് ടിക്കറ്റ് തരാൻ തന്നെ മറന്നു പോയിരുന്നു.
ടിക്കറ്റിൽ 13 രൂപ എന്ന് കണ്ടതും ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ മാണി സാറിനെ പോലും തോൽപ്പിച്ചു കളഞ്ഞു എന്റെ വിജയീ ഭാവം. ടിക്കറ്റ് തന്നു എന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്ന കണ്ടക്റ്ററെ "ഹലോ.." എന്നു വിളിച്ചു ഞാൻ " ബാക്കി പൈസ എവ്ടെ" എന്നു ചോദിച്ചു. ഒന്നു ആലോചിച്ചു അയാൾ പറഞ്ഞു "ഞാൻ നേരത്തെ ബാക്കി പൈസ തന്നല്ലോ" എന്ന്. പിന്നെ എന്റെ ദേഷ്യം അതിന്റെ എക്സ്ട്രീമിൽ എത്തി. "റെസിയ റിലാക്സ്" എന്നു ഞാൻ പറയുന്നുണ്ടെങ്കിലും എവ്ടെ ഞാൻ റിലാക്സ്.
"500 ന് ചില്ലറ തരാതെ എന്നെ കഷ്ടപ്പെടുത്തിയതും പോരാ ഇപ്പം പൈസ തന്നെന്നും പറഞ്ഞെന്നെ പൊട്ടൻ കളിപ്പിക്കുന്നോ. നിങ്ങൾ എനിക്ക് ടിക്കറ്റും പൈസയും ഒന്നും തന്നില്ല. 20 രൂപയും വാങ്ങി പിന്നിലേക്ക് ഒറ്റ ഓട്ടമായിരുന്നില്ലേ." ഞാൻ ചോദിച്ചു
"പേരമ്പ്രയല്ലേ ഇറങ്ങേണ്ടത്.. അപ്പോ തരാം" എന്നും പറഞ്ഞു ലവൻ വീണ്ടും പിന്നിലേക്ക് വെച്ചടിച്ചു.
പേരാമ്പ്ര എത്തിയിട്ടും അവൻ മുന്നിലേക്ക് വരുന്നതോ പൈസ തന്നതോ ഇല്ല. എൻറെ സ്റ്റോപ്പ്എത്തിയിട്ട് ഞാൻ ഇറങ്ങാത്തത് കണ്ടപ്പോൾ "ഇറങ്ങിക്കോ പൈസ തരാം" എന്നു പറഞ്ഞപ്പോഴും ഞാൻ വിട്ടു കൊടുത്തില്ല. "പൈസ കിട്ടിയിട്ട് ഇറങ്ങാം" എന്നായി ഞാൻ. അപ്പോ അവൻ വന്നു 7 രൂപ ബാക്കി തന്നു. 7 രൂപയല്ല 7പൈസയാണെങ്കിൽ പോലും അത് വാങ്ങിയിട്ടേ ഞാൻ ഇറങ്ങുമായിരുന്നുള്ളൂ. അത്രക്ക് നാണം കെട്ടിരുന്നു ഞാൻ.
പുറത്തിറങ്ങി ബസ്സിന്റെ പേരൊന്നു നോക്കി കളയാം എന്നു കരുതീ പേരു വായിച്ചപ്പോഴാ ശരിക്കും എന്റെ കണ്ണു നിറഞ്ഞു പോയത്. "
Friends Delux"....!!!
-----------------------------------------------
എന്നാലും എന്റെ "ഫ്രണ്ട്സ് ഡീലക്സ്കാരാ" ഫ്രണ്ടിനോട് കാണിക്കുന്ന സ്നേഹം വേണ്ട ഒരു എനിമിയോട് കാണിക്കുന്ന ദയ എങ്കിലും നിങ്ങൾക്ക് എന്നോട് കാണിച്ചൂടാർന്നോ...frown emoticon
എന്നാലും എന്റെ "ഫ്രണ്ട്സ് ഡീലക്സ്കാരാ" ഫ്രണ്ടിനോട് കാണിക്കുന്ന സ്നേഹം വേണ്ട ഒരു എനിമിയോട് കാണിക്കുന്ന ദയ എങ്കിലും നിങ്ങൾക്ക് എന്നോട് കാണിച്ചൂടാർന്നോ...frown emoticon
ചേച്ചീ... നന്ദിയുണ്ട്. മുഖ പരിചയം ഉണ്ടെന്നല്ലാതെ നിങ്ങളുടെ പേരോ വീടോ എനിക്കറിയില്ല. നിങ്ങൾ അപ്പോൾ ആ പൈസ തന്നില്ല എങ്കിൽ ആകെ നാണം കെട്ടു അടുത്ത സ്റ്റോപ്പ് ഇറങ്ങുക എന്ന ഒപ്ഷണേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ആ സമയത്ത് എന്നെ സഹായിച്ചതിനുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല. എപ്പൊഴാണ് നിങ്ങളെ കണ്ടു ആ പൈസ തിരികെ തരാൻ പറ്റുക എന്നറിയില്ല. പൈസ തിരിച്ചു തന്നാലും തീരുന്നതല്ല നിങ്ങളോടുള്ള എൻറെ കടപ്പാട്... heart emoticon

0 comments:
Post a Comment