Thursday, August 6, 2015

നിലാവ്


അവൾ പറയുന്നു,
നിലാവ് എൻറെ സ്വന്തമല്ല
മറ്റു പലർക്കുംകൂടെ സ്വന്തമാണെന്ന്..
ഞാൻ നോക്കുമ്പൊഴൊക്കെ ഒരു ധ്രുവ താരകം പോലെ എൻറെ മുന്നിൽ 
വഴി കാട്ടിയായി അവനുണ്ട്.
ഞാൻ ഓടുമ്പോൾ കൂടെ ഓടിയും
ഞാൻ തളർന്നിരിക്കുമ്പോൾ
എന്നെ തന്നെ ഉറ്റുനോക്കി കൂട്ടിരുന്നും
ഞാൻ പിണങ്ങി പിന്തിരിഞ്ഞു നടക്കുമ്പോൾ
പിന്നാലെ വന്നു പിണക്കം മാറ്റിയും
എൻറെ കൂടെയുണ്ടവൻ..
ഗാഢ നിദ്രയിൽ ദുഃസ്വപ്നം കണ്ട്
ഞാൻ ഞെട്ടി ഉണരുമ്പൊഴും
എൻറെ ജാലകപ്പഴുതിലൂടെ കള്ളച്ചിരിയോടെ
എന്നെ തന്നെ നോക്കി നിൽക്കുന്ന
അവനെ എനിക്ക് കാണാം.
പിന്നെ എപ്പൊഴാണ് എൻറെ നിലാവ്
വേറെ ഒരാളുടെ കൂടെ പോകുന്നത്..?
എങ്ങനെയാണവൻ മറ്റുള്ളവർക്ക് കൂടി
സ്വന്തമാകുന്നത്..?
എപ്പോഴും കൂടെയുള്ള എൻറെ നിലാവിനെ
പിന്നെന്തിന്‌ ഞാൻ സംശയിക്കണം..?
ഞാൻ കണ്ണ് തുറക്കുമ്പോഴൊക്കെ
മുന്നിൽ പകൽ പോലെ തെളിയുന്ന
എൻറെ നിലാവിനെ അവളുടെ വാക്ക് കേട്ട്
ഞാനെന്തിനു അവിശ്വസിക്കണം...?

0 comments:

Post a Comment