ഡ്യൂട്ടി കഴിഞ്ഞു ക്ഷീണിച്ചു റൂമിൽ എത്തിയ ജമാൽ ഡ്രസ്സ് അഴിച്ച് തോർത്ത് മുണ്ടുടുത്ത് തലയിൽ എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് കുളിക്കാനായി ബാത്ത് റൂമിലേക്ക് നടക്കുമ്പൊഴാണ് കിടക്കയിലിരുന്ന മൊബൈലിലെ കിളി കൂവിയത്.
"ഈ മൊബൈൽ എന്ന സാധനം കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ ലോകത്ത് പകുതി സമാധാനം കിട്ടിയേനെ..." എന്ന ആത്മഗതത്തോടെ നോക്കിയപ്പോൾ വാട്സപ്പിൽ സുലുവിന്റെ മെസ്സേജ്.
"ജമാൽക്കാ.. ഈ ശാസ്ത്രത്തിന്റെ കണക്ക് കൂട്ടല് തെറ്റ്വോ..?"
ഇവൾകിതെന്തു പറ്റി സാധാരണ മസ്സേജ് അയക്കുമ്പോ സലാം ചൊല്ലി, കണ്ണിൽ പ്രേമമുള്ളതും ചുണ്ടിൽ പ്രേമമുള്ളതും സ്മൈലി ഒക്കെ ഇട്ടിട്ടാണല്ലോ കാര്യത്തിലേക്ക് കടക്കാറ്. ഇന്നിതെന്തിനുള്ള പുറപ്പാടാണു പടച്ചോനെ...."ജമാലിന് അപകടം മണത്തു.
"ഇങ്ങളിങ്ങനെ മിണ്ടാണ്ട് നിന്നിറ്റ് എന്നെ പൊട്ടത്തി ആക്കാന്ന് ബിജാരിക്കെണ്ട. ഇങ്ങളെ സീന് എനക്ക് ഇബ്ടെ കാണാ...."
"അല്ല... ഈ കുരിപ്പ് ജിന്ന് സേവേം തൊടങ്ങ്യാ..? ഞാനിബ്ടെ തോർത്ത് മുണ്ട് മാത്രമിട്ടു നിക്ക്വാന്ന് ആ പഹയത്തിക്ക് എങ്ങന്യാ തിരിഞ്ഞെ. ..." ജമാൽ അന്തം വിട്ടു നിൽക്കുമ്പൊ ഉത്തരമായി സുലുവിൻറെ അടുത്ത മെസ്സേജെത്തി.
"ഇങ്ങള് ആട എൻറെ മെസ്സേജ് കണ്ട്ക്ക് ന്ന് നീല ശരി കണ്ടപ്പോ എനക്ക് തിരിഞ്ഞ്ക്ക് "
"ഓ.. അങ്ങനെ.. ഞാനങ്ങ് പേടിച്ചോയി. " അപ്പൊഴാ ജമാലിന് സമാധാനം ആയത്. ശരിക്കും അങ്ങനെ വല്ല സിദ്ധിയും ഉണ്ടെങ്കിൽ ജമാലിൻറെ ചില ഉടായിപ്പൊക്കെ സുലു അറിഞ്ഞേനെ.
"ആ അങ്ങനെ തന്നെ... ഇങ്ങള് ഞാൻ ചോയിച്ചേന് മറുപടി താ... അങ്ങനെ അങ്ങ് രക്ഷപ്പെടാന്ന് ബിജാരിക്കണ്ട"
"എൻറെ പൊന്നു സുലൂ.. ഞാൻ കുളിക്ക്വാൻ നോക്ക്വാ.. ഇൻറെ പായ്യാരം പറച്ച് കേട്ട് നിക്ക്വാനുള്ള നേരം ഇപ്പം എനക്കില്ല"
"അല്ലേലും ഇപ്പം ഇങ്ങക്ക് എന്നോട് മിണ്ട്ന്ന തന്നെ ഇഷ്ടേല്ല. പണ്ട് എൻറെ ഷാളിൻറെ തുമ്പും പിടിച്ചു എൻറ്ടുത്തൂന്ന് മാറാതെ നടന്ന മന്ഷ്യനാ. ഇപ്പം എന്നോട് മിണ്ടാനേ നേരേല്ല...ഇങ്ങക്ക് എന്നോട് മിണ്ടാൻ നേരേല്ലാണ്ട് ആവ്വാൻ മാത്രം ഇപ്പം എന്ത്ന്നാ ഇത്ര വലിയ പണി..? . ജോലിയും കയിഞ്ഞ് റൂമില് എത്തീക്കില്ലേ. ഇനി കുളിക്കണം ഒറങ്ങണം. ബേറെ പണിയൊന്നൂല്ലാലോ.." സുലു കലിപ്പ് ചേർത്ത് പരിഭവം വിളമ്പി.
" ഹാ...ഞാൻ കുളിച്ച് കഴിയുമ്പഴേക്ക് കയിച്ചിട്ട തുണിയെല്ലം ഇൻറെ ബാപ്പ അലക്കി തരും. നേരം ബെള്ക്കുമ്പം ഒരു കപ്പ് ചായേം ഒരു കഷ്ണം ബ്രഡും തിന്നതാ. ബെശന്നിറ്റ് കൊടല് കരീന്ന്ണ്ട്. എന്തെങ്കിലും തിന്നണേങ്കില് സ്വന്തായിറ്റ് ഇണ്ടാക്കണം. അത് ഇൻറെ ഉമ്മ ബന്നിറ്റും ഇണ്ടാക്കും . എനക്കതും തിന്നിറ്റ് കെടക്കേ കയരി കെടന്നാ മതിയല്ലോ.." എന്നാണ് ജമാൽ പറയാൻ വന്നതെങ്കിലും ഇപ്പ തന്നെ സുലു ഉടക്കിൻറെ മൂഡിലായത് കൊണ്ട് ഇനിയും പ്രഷറ് കൂട്ടുന്നത് സ്വന്തം ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസ്സിലാക്കി അതങ്ങ് വിഴുങ്ങി.
"ഇതല്ലം എന്നോട് ചോയിക്ക്വാന്ണ്ടോ സുലൂ... ശാസ്ത്രത്തിന് പെഴക്ക്വോന്നൂല്ലാ...." ജമാല് ഇത്തിരി പുഛത്തോടെ സുലുവിൻറെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.
"ആണല്ലേ... എന്നാ ഇങ്ങള് തന്നെ പറ, എന്നോടുള്ള സ്നേഹത്തിൻറെ പത്ത് ശതമാനം ഇങ്ങള് ഏതോൾക്കാ കൊട്ത്തേ..?" ആവശ്യത്തിലേറെ കലിപ്പ് ചേർത്തിളക്കി ജമാലിന് നേരെ സുലുവിൻറെ ചോദ്യം .
ഇന്നോടുള്ള സ്നേഹം ഞാൻ ബേറൊരുത്തിക്ക് കൊടുത്ത്ക്ക് ന്നോ..? ഇഞ്ഞെന്ത്ന്നാ സുലൂ പറേന്നെ. എനക്ക് ഇന്നോടും മക്കളോടും അല്ലാണ്ട് വേരെ ആരോടാ ഇഷ്ടം.. ഇന്നെ പേടിച്ചിട്ടു എന്റെ ഉമ്മാനോട് പോലും നേരാംവണ്ണം സ്നേഹ ത്തോടെ മിണ്ടാറില്ല.. ആ എന്നോട് തനെ ഇഞ്ഞിങ്ങനെ ഒക്കെ പറേണം" സുലുവിൻറെ ചോദ്യം കേട്ടതും ജമാലിന് സങ്കടമായി.
" ഇങ്ങൾ എന്നെ അങ്ങനെ പൊട്ടത്തി ആക്കാൻ നോക്കണ്ട. . ഇങ്ങക്ക് എന്നോട് ഇഷ്ടേല്ല. ഇണ്ടങ്കില് ഇങ്ങള് കുട്ട്യേക്ക് കൊടുത്ത് വിട്ട ടാബിൽ ആ സ്നേഹം കാണണ്ടതല്ലേ..?
"ഇഞ്ഞെന്ത്ന്നാ പറേന്നെ സുലൂ.. ഇന്നോട്ള്ള സ്നേഹം എങ്ങനെയാ ടാബിൽ കാണ്വാ..?" ജമാലിനൊന്നും മനസ്സിലായില്ല.
"ഇങ്ങള് കൊടുത്തൂട്ട ടാബില് ഒരു "
ലൗ കാൽക്കുലർ" എന്ന ഒരു സാധനം ഉണ്ട്. അയില് മാപ്പ്ളേൻറേം ഓളേം പേര് അടിച്ച് നോക്യാല് എത്ര ഇഷ്ടേണ്ട്ന്ന് ബെരും" സുലു കാര്യം വെളിപ്പെടുത്തി.
"അള്ളാ ഇക്കുരിപ്പിനെ അങ്ങനെയാ പറഞ്ഞു മനസ്സിലാക്കേണ്ട്യേ..? ഇത് പൈശ കൊട്ത്ത് പണി ഇരന്ന് മാങ്ങിയ പോലെ ആയിപ്പോയല്ലോ പടച്ചോനേ.." കുട്ടികൾക്ക് ടാബ് വാങ്ങി കൊടുത്ത് വിടാൻ തോന്നിയ നിമിഷത്തെ ജമാൽ ശപിച്ചു പോയി.
"അങ്ങ്ട്ടേലെ മൊഹമ്മദ്ക്കാൻറേം ആയിശ്ച്ചയുടേം ഇഷ്ടം നോക്കിയപ്പോ 100% ശതമാനം ഉണ്ടല്ലോ.." സുലുവിൻറെ പരിഭവം തുടർന്നു.
"ഓ.. അതാ കാര്യം. സ്വന്തം കെട്ട്യോന് തന്നോട് സ്നേഹം കുറവാണ് എന്നതിനേക്കാൾ സുലൂനെ സങ്കടപ്പെടുത്തുന്നത് ആയിശാനോടുള്ള അവളുടെ ഭർത്താവിന് ഇഷ്ടം കൂടുതലുണ്ടെന്ന് അറിഞ്ഞതാ. " അപ്പൊഴാ ജമാലിന് സുലുവിൻറെ ദേഷ്യത്തിൻറെ യഥാർത്ഥ കാരണം മനസ്സിലായത്.
"നീ പറഞ്ഞത് ശരിയാ. മുഹമ്മദിന് ആയിശാനോട് ഭയങ്കര മുഹബ്ബത്താ. അതോണ്ടാന്നല്ലോ ഓനെ ഇന്നാള് ഏതോ പെണ്ണിൻറെ കൂടെ ലോഡ്ജ്ന്ന് പിടിച്ചെ.."
ഇങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞ് കൈച്ചിലാവാന്ന് ബിജാരിക്കണ്ട. ഈന് മറുപടി പറഞ്ഞിറ്റ് പോയാ മതി. എനക്കിപ്പം ബയസ്സായി എൻറെ മൊഞ്ച് കൊറഞ്ഞോണ്ടാകും ഇങ്ങക്കിപ്പം എന്നോട് പഴയ ഇഷ്ടം ഇല്ലാത്തെ. ആ 10% ആരോടാണെന്ന് പറഞ്ഞിറ്റ് മതി ഇങ്ങളെ കുളിക്കലും നനക്കലും. സുലുവിൻറെ ദേഷ്യം തിളച്ചു വന്നു.
"ഇതിനിപ്പോ എന്തെങ്കിലും പുതിയ ബുദ്ധി മാണേല്ലോ പടച്ചോനെ. അല്ലെങ്കിൽ എൻറെ കുളിയും തീറ്റയും എല്ലാം ബസീലത്താവും". ജമാല് തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
"എടീ സുലോ.. ഇഞ്ഞ് ഇന്നാള് എന്നോട് പറഞ്ഞിക്കില്ലേനോ ആയിശാൻറെ അങ്ങനത്തെ ബള മാണംന്ന്. അത് അന്ത്രുക്കാൻറെ മോളെ കല്ല്യാണത്തിനേക്ക് മാങ്ങ്വാൻ ഞാൻ പൈശ അയച്ച് തരാ...." ജമാല് സുലുവിൻറെ വീക്ക്നസ്സിലേക്ക് തന്നെ സൈക്കളോജിക്കൽ മൂവ് നടത്തി.
"നേരാന്നോ ജമാൽക്കാ. ഇങ്ങള് മാങ്ങി തര്വോ..?"
ആ ആയിശ്ചാക്ക് എൻറെ മുന്നിൽ കൂടെ ആ ബളയും കുലുക്കി ഗമേല് ഒരു നടത്തേണ്ട്. അതങ്ങ് നിന്ന് കിട്ട്വേല്ലോ..
അല്ലെങ്കിലും എനക്കറിയാ ഇങ്ങക്ക് എന്നോട് പെര്ത്ത് ഇഷ്ടാ... ഒര് ലൗ കാൽക്കുലറും പണ്ടാരോം... ഒക്കെ പൊട്ട തെറ്റാ..." സുലുവിൻറെ കലിപ്പ് പമ്പ കടന്നു.
ആ ആയിശ്ചാക്ക് എൻറെ മുന്നിൽ കൂടെ ആ ബളയും കുലുക്കി ഗമേല് ഒരു നടത്തേണ്ട്. അതങ്ങ് നിന്ന് കിട്ട്വേല്ലോ..
അല്ലെങ്കിലും എനക്കറിയാ ഇങ്ങക്ക് എന്നോട് പെര്ത്ത് ഇഷ്ടാ... ഒര് ലൗ കാൽക്കുലറും പണ്ടാരോം... ഒക്കെ പൊട്ട തെറ്റാ..." സുലുവിൻറെ കലിപ്പ് പമ്പ കടന്നു.
"ഇങ്ങള് പോയി കുളിച്ചോളീന്ന്. തലേല് ബെളിച്ചെണ്ണേം തേച്ചിറ്റ് കുളിക്ക്വാൻ ബൈകിയാല് തലവേദന എട്ക്കും ഇങ്ങക്ക്. ഉമ്മ ഉമ്മ ഉമ്മ... " എന്നൊക്കെ സുലു പറയുന്നുണ്ടെങ്കിലും ജമാൽ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മക്കൾക്ക് ടാബ് കൊടുത്ത് വിടാൻ തോന്നിയ നിമിഷത്തെ ശപിച്ച് കൊണ്ട് ബാത്റൂമിലേക്ക് കയറി പോകുന്ന ജമാലിൻറെ മനസ്സപ്പോൾ സ്വർണ്ണ വള വാങ്ങാനുള്ള പൈസ കടം വാങ്ങാൻ ആളെ തേടുകയായിരുന്നു.


0 comments:
Post a Comment