"സമയം ഒരു മണി,
എന്ത് രസാണെന്നോ പെണ്ണേ ഈ ലോകം തന്നെ ഉറങ്ങുമ്പോൾ നിന്നെ ഓർത്ത് ഇവിടെ ഇങ്ങനെ ഇരിക്കാൻ...
എന്ത് രസാണെന്നോ പെണ്ണേ ഈ ലോകം തന്നെ ഉറങ്ങുമ്പോൾ നിന്നെ ഓർത്ത് ഇവിടെ ഇങ്ങനെ ഇരിക്കാൻ...
ഈന്തപ്പനയെ തഴുകി കടന്ന് വന്നൊരു കാറ്റിനോട് ഞാൻ എന്റെ പ്രണയം പറഞ്ഞിട്ടുണ്ട്. ആ മന്ദമാരുതൻ നിന്നെ തഴുകി ഉണർത്തുമ്പോൾ നിനക്കെൻറെ പ്രണയ സന്ദേശം കാണാനാകും
പ്രിയമുള്ളവളേ എത്ര അലസമാണെന്നോ ഈ ചിന്തകളൊക്കെയും. എന്നാലും ചിന്തിച്ചിരിക്കാതെ വയ്യല്ലോ..."
മുകളിൽ നിങ്ങൾ വായിച്ച വരികൾ എൻറെയൊരു പ്രവാസി സുഹൃത്ത് ചാറ്റിനിടയിൽ എനിക്ക് അയച്ചതാണ്. "അയ്യേ..." എന്ന് പറഞ്ഞ് മുഖം ചുളിക്കാൻ വരട്ടെ. ഇത് എനിക്ക് വേണ്ടി എഴുതിയ വരികൾ അല്ല. അവൻറെ നാട്ടിൽ കഴിയുന്ന പ്രണയിനിയെ(ഭാര്യയെ) ഓർത്ത് എഴുതിയതാണ്. പക്ഷേ രസം എന്താണെന്ന് വെച്ചാൽ അവൾ ഇത് അറിഞ്ഞിട്ട് പോലും ഇല്ല. വായിക്കാൻ അവസരം കിട്ടിയത് എനിക്കാണ്.
പ്രവാസത്തിലെ പ്രയാസങ്ങൾ പറയുന്നതിനിടക്ക് ആണ് അവൻ ഭാര്യയേയും മക്കളേയും പിരിഞ്ഞിരിക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന കടുത്ത വിരഹദുഃഖത്തെ പറ്റി പറഞ്ഞത്. ജോലികളിൽ മുഴുകുമ്പോഴും ഓരോ നിമിഷവും നാടിനെ പറ്റി തന്നെയാവും ചിന്ത. നൈറ്റ് ഡ്യൂട്ടി ഒക്കെയാകുമ്പോൾ വല്ലാതെ ജീവിത നൈരാശ്യംപിടികൂടുമത്രെ. അത്തരത്തിലുള്ള ഒരു നൈറ്റ് ഡ്യൂട്ടി ദിവസം എഴുതിയതാണ് പോലും ഈ വരികൾ.
"എന്തെ, നീയിത് ഭാര്യയ്ക്ക് കാണിച്ചില്ല..?" എന്ന എൻറെ ചോദ്യത്തിന് അവൻറെ ആദ്യ മറുപടി "അയ്യേ... അവൾക്കിത് കാണിച്ചാൽ അവളെന്തു കരുതും.... " എന്നായിരുന്നു. "ഇത് അപ്പോഴത്തെ ഒരു മൂഡിൽ എഴുതിയതാണ്... പാതിരാക്ക് വിളിച്ചുണർത്തി അവൾക്കത് കാണിച്ചാൽ, വീട്ടുകാര്യങ്ങളും മക്കളേയും നോക്കി ക്ഷീണിച്ച് തളർന്നുറങ്ങുന്ന അവളെ വിളിച്ചുണർത്തി ഉറക്കം കളഞ്ഞതിന് ദേഷ്യം വന്ന് ഒരുപക്ഷേ എൻറെ തന്തക്ക് പോലും വിളിച്ചു കളയും" . ഞാനെൻറെ മറുപടി ഒരു സ്മൈലിയിൽ ഒതുക്കി.
പക്ഷേ ഇവിടെ അവൻ അറിയാതെ പോയ ഒരു കാര്യം ഉണ്ട്. അവളെ അപ്പോൾ വിളിച്ചുണർത്തി ആ മെസ്സേജ് കാണിച്ചാൽ ഒരുപക്ഷേ അവൾ ദേഷ്യം അഭിനയിച്ചേക്കുമെങ്കിലുംആ മസ്സേജ് തീർച്ചയായും അവളുടെ മനസ്സു നിറക്കുമായിരുന്നു. എത്ര ഉറങ്ങിയാലും കിട്ടാത്തത്ര എനർജി നൽകാൻ ആ വരികൾക്കാവും. ഏതു സമയത്തും തന്റെ പ്രിയപ്പെട്ടവൻ തന്നെ ഓർക്കുന്നുണ്ട് എന്ന ഒറ്റ വിശ്വാസം മതിയാവും അവളുടെ എന്തു വലിയ ക്ഷീണവും മാറാൻ.
പ്രവാസം തീർക്കുന്ന ഏകാന്തത പ്രവാസികളേക്കാൾ ഒരുപക്ഷെ കൂടുതൽ അനുഭവിക്കുന്നത് അവന്റെ നാട്ടിൽ കഴിയുന്ന പ്രിയപ്പെട്ടവൾ ആകും. അവളുടെയാ ഏകാന്തതയിൽ നിങ്ങളുടെ ഒരു ഫോൺ കോൾ, ഒരു മെസ്സേജ്, ഇതൊക്കെ അവൾക്ക് എന്തു മാത്രം ആശ്വാസകരമാകുന്നെന്ന് നിങ്ങൾക്ക് അറിയാമോ..? നിങ്ങൾ "അയ്യേ" എന്നു കരുതി പറയാൻ ആഗ്രഹിച്ചിട്ടും പറയാതെ മാറ്റി വെക്കുന്ന ആ വാക്കുകൾ മതിയാവും മനസ്സു കൊണ്ടു തന്റെ പ്രിയപ്പെട്ടവൻ എപ്പൊഴും കൂടെ ഉണ്ടെന്ന ആശ്വാസം പകരാൻ. ആ ആശ്വാസം മതിയാവും ഏതു പ്രതിസന്ധിയെയും അവൾക്ക് നേരിടാൻ.
പക്ഷെ പലപ്പോഴും തിരക്കു പറഞ്ഞും ഭാര്യമാരോട് സ്നേഹത്തോടെ പെരുമാറിയാൽ ഞാൻ പെൺകോന്തൻ എന്ന ലേബലിൽ അറിയപ്പെട്ടേക്കുമോ എന്നു ഭയന്നും ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിക്കാതെ മാറ്റി വെക്കുമ്പോൾ നിങ്ങൾ നിഷേധികുന്നത് അവർ ആഗ്രഹിക്കുന്ന സ്നേഹമാണ്.
നിങ്ങൾ മാറ്റി വെക്കുന്ന ആ സ്നേഹം, ഏകാന്തതയും വിരഹദുഃഖവും കാർന്നു തിന്നുന്ന അവരുടെ മനസ്സിന് മറ്റൊരിടത്തു നിന്നു കിട്ടുമ്പോൾ അവളുടെ മനസ്സു ആ വഴിക്ക് തിരിഞ്ഞു പോയാൽ കുറ്റം പറയാനൊക്കുമോ..? പെണ്ണിന്റെ മനസ്സ് ചിലപ്പോഴൊക്കെ പുഴ വക്കിലെ തെങ്ങു പോലെയാണ്. മൂട്ടിൽ വളമായി എത്രമാത്രം ആഡംബരം ഇട്ട് കൊടുത്തിട്ടും ഒരു കാര്യോം ഉണ്ടാവില്ല, അത് സ്നേഹമെന്ന വെള്ളത്തിനു നേർക്കേ ചായൂ. പിന്നെ ഞാൻ ഫാക്റ്റംമ്പോസ് ഇട്ട് കൊടുത്തിരുന്നു, യൂറിയ ഇട്ടു കൊടുത്തിരുന്നു എന്നൊക്കെ വെർതെ വിലപിക്കാനേ പറ്റൂ .
നിങ്ങൾ ഭാര്യക്കും മക്കൾക്കും വേണ്ടി തന്നെയാകും മണലാരണ്യങ്ങളിൽ ചോര നീരാക്കി കഷ്ടപ്പെടുന്നത്. പക്ഷെ ഭക്ഷണവും വസ്ത്രവും പോലെ, അല്ലെങ്കിൽ അതിനേക്കാൾ അത്യാവശ്യമാണ് സ്നേഹം എന്നു കൂടി മനസ്സിലാക്കുക. പക്ഷേ വിവാഹത്തിന് മുമ്പും വിവാഹം കഴിഞ്ഞുള്ള ആദ്യനാളിലും ഒരുപാട് റൊമാൻറിക് ആയിരുന്നവർ പോലും പിന്നീടങ്ങോട്ട് സ്നേഹത്തിൻറെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നത് കാണാം. പ്രണയ വിവാഹം ചെയ്തവരിലെ വിവാഹം മോചന തോത് കൂടാനും ഇതുതന്നെ മുഖ്യ കാരണം.
അപ്പം ഞാൻ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ നിങ്ങൾക്ക് കിട്ടിയത് ഊർവ്വശിയോ ശൂർപ്പണഖയോ ആവട്ടെ വേറെ ഒപ്ഷൻസ് ഒന്നും ഇല്ലാത്തത് കൊണ്ട് കിട്ടിയതിനെ ഒരു നാണക്കേടും കൊമ്പ്ലക്സും നോക്കാതെ മനസ്സു തുറന്നങ്ങ് സ്നേഹിക്കുക. ജീവിതം ഒന്നെ ഉള്ളൂ. മരണശേഷം ജീവിതമുണ്ട് സ്വർഗ്ഗമുണ്ട്, അവിടെ ഹൂറികൾ ഉണ്ട് എന്നു കരുതി ഇവിടെ കിട്ടാവുന്ന സന്തോഷം വെറുതെ കളഞ്ഞു ജീവിക്കണ്ട. കാരണം നമ്മുടെ ഒക്കെ കയ്യിലിരിപ്പ് വെച്ച് നമ്മളൊക്കെ നരകത്തിൽ പോകാനാണു സാധ്യത കൂടുതൽ.
പ്രകടിപ്പിക്കാത സ്നേഹം പിശുക്കന്റെ കയ്യിലെ ക്ലാവു പിടിച്ച നാണയം പോലെയാണ്. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭാര്യമാരോടുള്ള സ്നേഹം മനസ്സ് തുറന്നു പ്രകടിപ്പിക്കൂ. കുടുംബത്തിൽ സന്തോഷം നിറയട്ടെ.


0 comments:
Post a Comment