ഭർത്തൃമതിയായ സ്ത്രീ തന്റെ കുട്ടികളേയും കൊണ്ടു കാമുകന്റെ കൂടെ ഒളിച്ചോടി !!!
പുറത്ത് അതിനെ പറ്റിയുള്ള വിമർശനമാണ്.
"ഭർത്താവുമായി യോചിച്ചു പോകാൻ കഴിയില്ലെങ്കിൽ ഡിവോർസ് വാങ്ങി പിരിയണം. അല്ലാതെ വീട്ടുകാരുടേയും ബന്ധുക്കളുടേയും മുഖത്ത് കരിവാരിത്തേച്ചു ഇത്തരതിൽ പോകുകയാണോ വേണ്ടത്..? "
"അതെ, ഇവളെ ഒക്കെ വെട്ടി കൊല്ലുകയാണ് വേണ്ടത്. എങ്കിലേ നാളെ മറ്റൊരുവൾ ഇത് ചെയ്യാതിരിക്കൂ"
റൂമിലിരുന്നു കൊണ്ടു ഇവരുടെ ഈ സംസാരം ശ്രദ്ധിക്കുകയായിരുന്ന എനിക്കും അവളോട് വല്ലാത്ത കലിപ്പു തോന്നി.
"അയാളെ വേണ്ടെങ്കിൽ വിവാഹ ബന്ധം വേർപ്പെടുത്തണം. അല്ലാതെ ഇത്തരത്തിൽ തന്നെ പോറ്റി വളർത്തിയ വീട്ടുകാരെ നാണം കെടുത്തി പോകേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ. മാപ്പർഹിക്കാത്ത തെറ്റല്ലേ അവൾ ചെയ്തത്?"
അന്നു ഉറങ്ങാൻ കിടന്നപ്പോഴും ആ ഒരു സംഭവം തന്നെയായിരുന്നു മനസ്സു നിറയെ. എന്റെ സമപ്രായം ആയത് കൊണ്ടോ, എനിക്ക് നേരിട്ട് പരിചയം ഉള്ളത് കൊണ്ടോ, എന്തോ എനിക്ക് അവളുടെ ഭാഗത്തു നിന്ന് ഒന്നു ചിന്തിക്കാൻ തോന്നി.
അവളുടെ ഭർത്താവിനെ എനിക്ക് നന്നായി അറിയാം. എത്രയൊക്കെ അവൾ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചിട്ടും അയാൾ അവൾക്ക് വേദന അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല. സ്വന്തം രക്തത്തിൽ പിറന്ന മക്കളുടെ കാര്യത്തിൽ പോലും ഒരു ഉത്തരവാദിത്തവും ഇല്ലാത്തയാൾ.
അവൾക്ക് മുന്നിൽ ഡൈവോർസ് അല്ലാതെ വേറൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അതായിരുന്നു അവൾ ചെയ്യേണ്ടിയും ഇരുന്നത്.
പക്ഷേ, വിവാഹ ബന്ധം വേർപ്പെടുത്തിയ ഒരു പെണ്ണിനു(അത് അവളുടെ കുറ്റം കൊണ്ടു അല്ലായെങ്കിൽ പോലും) നമ്മുടെ നാട്ടിൽ കിട്ടുന്ന ഇമേജ് എന്താ..?
പുറത്തിറങ്ങിയാൽ ചിലരുടെ അർത്ഥം വെച്ചുള്ള സംസാരം കണ്ടില്ല എന്നു നടിച്ചാലും സ്വന്തം വീട്ടിൽ പോലും അവൾക്ക് സ്വൈര ജീവിതം ലഭിക്കാറില്ല എന്നതാണ് സത്യം. സ്വന്തക്കാരുടെ ഇത്തരത്തിലുള്ള മാനസിക പീഢനമാവും പുറത്തിറങ്ങുമ്പോൾ അഭിമുഖീകരിക്കുന്നതിനേക്കാൾ അവളെ മുറിവേൽപ്പിക്കുന്നത്.
സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലെങ്കിൽ പിന്നെ പറയുകയും വെണ്ട. തന്റെയും കുട്ടികളുടേയും കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ സ്വന്തം വീട്ടുകാരുടെ മുഖത്തെ ഭാവ വ്യത്യാസം പോലും മരണ തുല്യമാവും അവൾക്ക്. പിന്നെ വീട്ടിൽ ഒരു അധികപ്പറ്റായി, പരിഹാസങ്ങൾ ഏറ്റുവാങ്ങി സ്വന്തം വിധിയെ ശപിച്ചു കൊണ്ടുള്ള ജീവിതം.
ഇതെല്ലാം മുന്നിൽ കണ്ട്, ഇതിൽ നിന്നുള്ള രക്ഷപ്പെടൽ പോലെയാകും ബിരിയാണി ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിഞ്ഞിട്ടും അഥവാ കിട്ടിയാലോ എന്നു കരുതി, ദൂരെ ആളി കത്തുന്ന തീയുടെ വെളിച്ചം കണ്ടു എരിഞ്ഞടങ്ങാൻ കുതിക്കുന്ന ഈയ്യാം പാറ്റയെ പോലെ പലരും ഇത്തരത്തിലുള്ള ഒളിച്ചോട്ടം സ്വീകരിക്കുന്നത്.
ഇത്തരം ചെയ്തികളെ ന്യായീകരിക്കാൻ പറ്റില്ലെങ്കിലും, ഒരു തരത്തിൽ പറഞ്ഞാൽ ഇവളേപ്പോലുള്ളവരെ ഇതുപോലുള്ള തെറ്റിലേക്ക് നയിക്കുന്നത് ഞാൻ ഉൾപ്പെടുന്ന സമൂഹമല്ലേ..?
എന്നിട്ടും അവിടേയും കുരിശിൽ ഏറ്റപ്പെടുന്നത് സ്ത്രീകൾ തന്നെ. കൂടെയുള്ള ആണിനെ ആരും കുറ്റം പറയാറില്ല. ഒന്നുകിൽ കൂടെ പോയ പെണ്ണ് കണ്ണും കലാശവും കാണിച്ച് വശീകരിച്ചത് കൊണ്ടെന്നാവും, അല്ലെങ്കിൽ അവന്റെ ഭാര്യയുടെ പിടിപ്പുകേടു കൊണ്ട് എന്ന്.
എങ്ങിനെ വന്നാലും കുറ്റം പെണ്ണിന്റെ തലയിൽ തന്നെ.
ഇനിയിപ്പോ ഭാര്യയുടെ പിടിപ്പു കേടു കൊണ്ടു തന്നെയാണെന്നിരിക്കട്ടെ, പുരുഷനു ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങേണ്ട ഒരു സാഹചര്യവും ഇന്നു നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നു എനിക്ക് തോനുന്നില്ല.
പുരുഷൻ എന്നും സ്വന്തം കാലിൽ നിൽകാൻ കെൽപ്പുള്ളവനാണ്.അവന് സമൂഹത്തിൽ നിന്നോ വീട്ടുകാരിൽ നിന്നോ വിവാഹ മോചനം നടന്ന പെണ്ണിനു നേരിടേണ്ടി വരുന്ന തരത്തിലുള്ള ദുരവസ്ഥ ഇല്ല. വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ തടസ്സവും ഇല്ല.
എന്നിട്ടും പുരുഷൻ എന്നും സമൂഹത്തിനു മുന്നിൽ വെള്ള പൂശപ്പെട്ടവൻ. പാവം സ്ത്രീകൾ എന്നും പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ.
'സ്ത്രീ യുടെ ശത്രു സ്ത്രീ തന്നെ' എന്നത് അന്വർത്ഥമാക്കുന്ന തരത്തിൽ ഇതിൽ മുന്നിൽ നിൽക്കുന്നതും സ്ത്രീകൾ ആണ് എന്നതാണ് ഏറെ ഖേദകരം.
ഭർത്താവ് വഴിപിഴച്ചാൽ അത് ഭാര്യയുടെ പിടിപ്പുകേട്,
മക്കൾ വഴിപിഴച്ചാൽ അത് അമ്മയുടെ വളർത്ത് ദോഷം,
ഇനിയിപ്പോ അവൾക്ക് തെറ്റു പറ്റി പോയാലോ, അതിന് അവൾ മാത്രം കാരണം...
പഴികൾ ഏറ്റുവാങ്ങാൻ പെണ്ണിൻറെ ജീവിതം ഇനിയും ബാക്കി....
--------------------------------------------------


0 comments:
Post a Comment