Saturday, October 22, 2016

പശുവും യോഗയും പിന്നെ ഞാനും


0 comments

വീടിനടുത്ത് പുതിയ താമസക്കാരി വന്നിട്ടുണ്ട്. എന്റെ പഴയൊരു ഫ്രണ്ടാണ്. ഭരതനാട്യം പഠിക്കുന്ന കൂട്ടത്തിൽ യോഗ ട്രൈനിംഗ് ഒക്കെ കഴിഞ്ഞയാളാ.

രാവിലെ എഴുന്നേറ്റ് എന്നും അവൾ യോഗ ചെയ്യും. എന്നോടും പറയും യോഗ ശീലിക്കാൻ. മാനസികവും ശാരീരികമായും നല്ല ഉന്മേഷവും ഊർജ്ജവും കിട്ടും എന്നൊക്കെ ക്ലാസ്സെടുക്കും അവൾ. ആ സമയത്ത് ഓക്കേ എന്നൊക്കെ പറയുമെങ്കിലും പിറ്റേന്നായാൽ ഞാൻ പോവില്ല.

യോഗ പരിശീലിക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല ട്ടോ പോവാത്തെ. ഓടുകയും ചാടുകയും ചെയ്യാതെ വീട്ടിനുള്ളിൽ വെച്ച് ചെയ്യാൻ പറ്റുന്ന വ്യായാമം ആർക്കാ ഇഷ്ടാമല്ലാത്തെ. ബട്ട് പ്രോബ്ലം ഈസ് ഇത്തിരി ഭക്തിയൊക്കെയുള്ള അവൾക്ക്  കുളിച്ചു ശുദ്ധിയായി വെറും വയറ്റിൽ വേണം യോഗ ചെയ്യാൻ എന്ന് നിർബന്ധം ഉണ്ട്. വെറും വയർ എങ്ങിനെ എങ്കിലും ഒപ്പിക്കാം... പക്ഷേ കാലത്ത് ഇണീറ്റ് കുളിക്കുക... അതാണ് എനിക്ക് പറ്റാത്തെ.

" റെസിയാ... ഇഞ്ഞ് ഇണീക്ക്ന്നില്ലേ..? ഏഴ് മണി കഴിഞ്ഞിക്കേ...കുഞ്ഞന് സ്കൂളിൽ പോണ്ടതാണേ... " എന്ന ഉമ്മയുടെ കർണ്ണ കഠോരമായ മൊഴി കേൾക്കാതിരിക്കാൻ ബ്ലാങ്കറ്റ് തല വഴി പുതച്ച് തലയണയിൽ ചെവി അമർത്തി കിടക്കുന്ന എന്റെ വിഷമമുണ്ടോ മൂന്നരക്ക് ഇണീറ്റിട്ട് നാലു മണി ആവാനായി അക്ഷമയോടെ തിരിഞ്ഞും മലന്നും കിടക്കുന്ന അവൾക്ക് മനസ്സിലാവുന്നു.

അതവൾ മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല  മക്കളെ സ്കൂളിൽ വിട്ടിട്ട് നമുക്ക് ചെയ്യാം എന്നായി ഈയിടെ അവൾ. ഞാൻ വലിയ വായിൽ ഓക്കേ എന്നൊക്കെ പറയും. പക്ഷേ മോനെ സ്കൂൾ വണ്ടിയിൽ കേറ്റി വിട്ടാൽ അപ്പൊ തുടങ്ങും പാവം എനിക്ക് മടിയുടെ അസുഖം. പിന്നെ മൊബൈലിൽ നെറ്റ് ഓണാക്കി ബെഡിൽ വീഴാതെ എനിക്ക് സമാധാനം കിട്ടില്ലാ...

കഴിഞ്ഞ വെള്ളി മോനെ വണ്ടിയിൽ കേറ്റി വിട്ട് വീട്ടിലേക്ക് മടങ്ങുമ്പൊ  അവൾ പറഞ്ഞു "ഞാൻ  മുടി കൊഴിച്ചലിനുള്ള പച്ചമരുന്നിന്റെ കൂട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിനക്ക് വേണെങ്കിൽ വാ.. ഞാൻ തേക്കാൻ പോകുവാ " എന്ന്.  കേൾക്കേണ്ട പാതി ഞാനവളുടെ വീട്ടിൽ പോയി അതു വാങ്ങി തലയിൽ തേച്ചു. തേച്ചു കഴിഞ്ഞപ്പൊഴാ ഓർത്തെ. ഇനിയിപ്പോ കുളിക്കാതെ നിവൃത്തിയില്ലലോ എന്ന്.

"എന്തായാലും നിനക്കെനി കുളിക്കണ്ടെ.  ചായ കുടിച്ചിക്കില്ലാലോ... കുളിച്ചിട്ട് ഇങ്ങ് പോര്,  മ്മക്ക് യോഗ ചെയ്യാലോ"

വീട്ടിലേക്ക് നടക്കുമ്പൊ പിന്നിൽ നിന്ന് കള്ളച്ചിരിയോടെ അവളുടെ മൊഴി. സൗന്ദര്യ വർദ്ദനവ്  എന്ന എന്റെ വീക്നസ്സിൽ പിടിച്ച് എനിക്കിട്ട് നൈസായിട്ടൊരു പണി തന്നതാ എന്ന് അപ്പൊഴാ എനിക്ക് മനസ്സിലായെ.

ആ.... എന്തേലും ആവട്ടെ..എന്തായാലും നനഞ്ഞില്ലേ. ഇനി യോഗ ചെയ്തിട്ടു കയറാം.  ഞാനും കരുതി.

കുളിച്ച് യോഗ ചെയ്യാനായി ഞാൻ ചെന്നപ്പൊ അവൾ പൂജാ മുറിയിൽ തിരി തെളിയിച്ച് പ്രാർത്ഥിച്ച് നെറ്റിയിൽ ചന്ദനം വരക്കുകയാണ്. ഇത് കണ്ടപ്പൊ ഞാനും വീട്ടിലേക്കോടി.  ഫാത്ത്വിഹ ഓതി കണ്ണിൽ സുറുമ വരച്ച്  തിരികെ ചെന്നു. അല്ല പിന്നെ. മ്മളും കുറക്കരുതല്ലോ...

അങ്ങനെ ഞങ്ങൾ യോഗയിലേക്ക് കടന്നു. യോഗയിലെ ഓരോ മുറകളും അതിന്റെ ഗുണങ്ങളും  വിവരിച്ച് തന്ന്  ഓരോന്നായി എന്നെ കൊണ്ട് അവൾ ചെയ്യിച്ചു തുടങ്ങി. ശ്വസനക്രിയയും എന്തൊക്കെയോ ആസനങ്ങളും ഒക്കെ കഴിഞ്ഞ് വൃക്ഷാസനത്തിൽ നിൽക്കുമ്പൊഴാണ് ഉമ്മയുടെ " റെസിയാ വേഗം വാ... കണ്ണൂട്ടി കയറു പൊട്ടിച്ചു " എന്നു പറഞ്ഞുള്ള വിളി കേൾക്കുന്നത്.

ഉമ്മയുടെ വിളി കേട്ട ഞാൻ യോഗ പാതി വഴിയിൽ ഉപേക്ഷിച്ച് ഓടി. വ്യക്ഷാസനത്തിൽ ആയതു കൊണ്ട് ഇറങ്ങി ഓടാൻ എളുപ്പമായി. പത്മാസനത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ ഞാൻ പെട്ട് പോയേനെ.

ഞാൻ ചെല്ലുമ്പോ പശു  കഴുത്തിൽ കയറില്ലാതെ പിറന്ന പടി ഓടുകയാ. പിന്നാലെ ഉമ്മയും വേറെ രണ്ടു പേരും. ഞാനും അവരുടെ കൂടെ ജോയിൻ ചെയ്തു. ഓടിച്ച് ഞങ്ങളെല്ലാം രണ്ടു മൂന്ന് പറമ്പ് മഴുവൻ കവർ ചെയ്തു. ഇടക്ക് ഞങ്ങൾ  അടുത്തെത്തി ദാ കിട്ടിപ്പോയി എന്ന അവസ്ഥ എത്തും. തൊടക്കയർ കഴുത്തിൽ കുരുക്കാൻ നോക്കുമ്പൊഴേക്കും "കമോൺഡ്രാ... ഫോളോ മീ...." എന്ന് പറഞ്ഞ് പശു വീണ്ടും ഞങ്ങളെ ഓടിക്കും. 

ഇത് കാണുമ്പൊ  അയൽക്കാർ ഓരോരുത്തരായി ജോയിൻ ചെയ്യും. അങ്ങനെ ഓരോരുത്തരായി വന്നു വന്നു പിന്നെ ഒരു ജാഥ തന്നെയായി.

അവസാനം എല്ലാരും ഓടിത്തളർന്നപ്പൊഴാ ഒരു നഗ്ന സത്യം  മനസ്സിലായത്.  പശുവിനെ കായിക ബലം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റില്ല . ബുദ്ധി തന്നെ വേണം എന്ന്. അങ്ങിനെ എല്ലാരും തല പുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. പെട്ടെന്നാണ് കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ള എനിക്ക് ഒരു ബുദ്ധി ഉദിച്ചത്. 

"ഓപ്പറേഷൻ കാലിത്തീറ്റ വിത്ത് കയർ "

എന്ന് വെച്ചാൽ കാലിത്തീറ്റ ബക്കറ്റിലാക്കി വെച്ച് പശു അത് തിന്നാൻ വരുമ്പൊ മെല്ലെ കഴുത്തിൽ കയറിടുക.

വൊ ... എല്ലാരും എന്റെ ബുദ്ധിയെ പ്രകീർത്തിച്ച് കയ്യടിച്ച് ഐഡിയ പാസ്സാക്കി.

എന്റെ ഐഡിയ പെട്ടെന്ന് തന്നെ വിജയം കണ്ടു. പശുവിനെ മൂക്കു കയറിൽ ഒതുക്കാൻ പറ്റി. അപ്പൊഴേക്കും മണിക്കൂർ 2-3 കഴിഞ്ഞിരുന്നു.

"ഡീ... യോഗ ചെയ്താൽ ശവാസനം കഴിയാതെ എഴുന്നേൽക്കാൻ പാടില്ലെന്നാ.."

തളർന്നു പണ്ടാരമടങ്ങി ക്ഷീണം മാറ്റാൻ ബെഡിൽ പോയി ഫ്ലാറ്റായ എന്റടുത്തേക്ക് വന്നു കൊണ്ട് അവളുടെ മുന്നറിയിപ്പ്.

"ഓട്രാ..പാണ്ടി ലോറിയുടെ അടിയിൽ പെട്ട തവളയെ പോലെ കിടക്കുന്ന ഈ കിടപ്പിനെക്കാൾ വലിയ എന്ത് ശവാസനാ ഇനി ചെയ്യാനുള്ളത്." എന്ന് പറയാൻ വന്നതാ. ക്ഷീണം കാരണം വേണ്ടെന്ന് വെച്ചു.

ഹും... അവൾക്കെന്തറിയാം അപ്പൊ ഞാനവിടെ   ശവാസനം ചെയ്യാൻ നിന്നിരുന്നെങ്കിൽ ഉമ്മ എന്റെ ശവമടക്ക് നടത്തിയേനെ...

അല്ലേലും ഈ യോഗ എന്നൊക്കെ പറയുന്നത് ഒരു യോഗ. നമ്മളെ കൊണ്ടൊന്നും കൂട്ടിയാ കൂടുകേല്ല....

Read more...

Tuesday, August 11, 2015

പ്രണയം കണ്ണീരു വീഴ്ത്തിയ മൈലാഞ്ചി കൈകൾ


0 comments

അലാറത്തിന്‍റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് മുനീര്‍ ഉണർന്നത്‌. രാത്രി ഏറെ വൈകിക്കിടന്നതിനാല്‍ രാവിലെ ഉണർന്നില്ലെങ്കിലോ എന്നു കരുതിയാണ് അലാറം വെച്ചത്‌.
കുളിച്ചു ഫ്രഷ്‌ ആയി മുനീര്‍ സുബ്ഹി നിസ്കരിക്കാൻ കയറി. സാധാരണ ആ സമയത്തയാൾ എഴുന്നേൽക്കാറില്ല. അതുകൊണ്ടു തന്നെ സുബ്ഹി നിസ്കാരവും കുറവാണ്.
ഇന്നയാളുടെ കുഞ്ഞു പെങ്ങളുടെ വിവാഹമാണ്. അവളുടെ ഭാവി ശോഭനമാകാൻ അള്ളാഹുവിനോട്‌ മനമുരുകി പ്രാർത്ഥിക്കണം .
നമസ്കാരം കഴിഞ്ഞു സലാം വീട്ടാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ "മുനീറേ..." എന്ന വിളി കേട്ടത്‌.
വിളിയിലെ പരിഭ്രമം മനസ്സിലാക്കിയ അയാൾ പെട്ടെന്നു തന്നെ സലാം വീട്ടി ഉമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. അവിടെ ഉമ്മയും അടുത്ത ചില ബന്ധുക്കളും നിൽക്കുന്നുണ്ടായിരുന്നു.
മുനീറിനെ കണ്ടതും വാവിട്ടു കരഞ്ഞു കൊണ്ടു ഉമ്മ ഒരു പേപ്പർ അവന്‍റെ നേർക്ക്‌ നീട്ടി.
"ഉപ്പയും, ഉമ്മയും, ഇക്കാക്കയും എന്നോട് ക്ഷമിക്കണം. നിസാർക്കയെ മറക്കാൻ എനിക്ക്‌ പറ്റുന്നില്ല. എന്നെ തിരയണ്ട. ഞാൻ നിസാർക്കയോടൊപ്പം പോകുന്നു." അയാളുടെ കയ്യിൽക്കിടന്നാ ആ കടലാസ് തുണ്ട് വിറച്ചു.
"അവളെ കാണാനില്ല മോനേ... ഇന്നലെ മൈലാഞ്ചി ഇട്ടതിനു ശേഷം മുറിയിൽ ഉറങ്ങാൻ വേണ്ടി പോയതാണ്. ഇന്നു രാവിലെ ഉണർത്താൻ മുറിയിൽ ചെന്നപ്പോൾ കാണാനില്ല." ഉമ്മ കരഞ്ഞു കൊണ്ടാണ് പറഞ്ഞോപ്പിച്ചത്. "ഉമ്മ വിഷമിക്കാതെ....അവൾ എങ്ങും പോയിക്കാണില്ല. ഞാൻ അന്വേഷിച്ചിട്ട് വരാം"
അയാൾ ബൈക്കുമെടുത്ത് ‌ അന്വേഷിക്കാനായി തിരിച്ചു. ബസ് സ്റ്റാന്‍റിലും, റെയിൽവേ സ്റ്റേഷനിലും അവളെ കണ്ടുമുട്ടാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അരിച്ചു പെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
അയാൾ തളർന്നു പ്ലാറ്റ്‌ ഫോമിലെ ബെഞ്ചിലേക്കിരുന്നു.
ഉപ്പാക്കും ഉമ്മാക്കും അവര്‍ രണ്ടു മക്കളായിരുന്നു - മുനീറും മുനീറയും. മുനീറിനേക്കാൾ 4 വയസ്സിനു ഇളയവൾ ആണ് മുനീറ. നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം.
ഞങ്ങളുടെ വീടിന്‍റെ ഐശ്വര്യമാണെന്ന് വിശ്വസിച്ചിരുന്ന തന്‍റെ കുഞ്ഞു പെങ്ങൾ , ഞങ്ങളുടെ മുഖത്ത് കരി വാരി തേച്ചു പോയിരിക്കുന്നു !
ചെക്കന്‍റെ വീട്ടുകാരോടെന്തു പറയും ?
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. മുനീറിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല.
അവളുടെ ഒരു ഇഷ്ടത്തിന്നും വീട്ടുകാര്‍ എതിരു നിന്നിട്ടില്ല. സ്കൂൾ പഠനത്തിനു ശേഷം പട്ടണത്തിലെ കോളേജിൽ പഠിക്കണം എന്നു പറഞ്ഞപ്പോഴും ഒന്നും എതിരു പറയാതെ സമ്മതിക്കുകയായിരുന്നു.
കോളേജ് പഠനം കഴിയാറായപ്പോൾ അവൾക്കു വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോഴാണ് അവൾ തന്‍റെയിഷ്ടം മുനീറിനോട് മടിച്ചു മടിച്ചു വെളിപ്പെടുത്തിയത്.
അവളുടെ കോളേജിനടുത്ത്‌ കമ്പ്യൂട്ടര്‍ ഷോപ്പ്‌ നടത്തുന്ന പയ്യൻ, പേര് നിസാർ.
അന്വേഷിച്ചപ്പോൾ തെറ്റില്ലാത്ത പയ്യൻ. മുനീറിന്‍റെ വീട്ടുകാരുടെയത്ര സാമ്പത്തിക സ്ഥിതിയും തറവാട്ടു മഹിമയും ഇല്ലെങ്കിലും മാന്യമായ കുടുംബം.
അങ്ങനെയാണ് മുനീര്‍ വാപ്പയോടക്കാര്യം അവതരിപ്പിച്ചത്‌. പക്ഷെ വാപ്പ ആ ബന്ധത്തിന് തയ്യാറായില്ല.
മകൾ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നതിനേക്കാൾ വാപ്പയെ ചൊടിപ്പിച്ചത്‌ സാമ്പത്തികമായി അവൻ പിന്നിലായിരുന്നു എന്നതായിരുന്നു .മുനീറും പെങ്ങളും അന്ന് വാപ്പയുടെ മുന്നിൽ ഒരുപാട്‌ കെഞ്ചിയതാണ്. പക്ഷേ വാപ്പ തീരുമാനത്തിൽ അണുവിട മാറ്റം വരുത്താന്‍ തയ്യാറായില്ല.
വീട്ടിൽ വന്നു വിവാഹം ആലോചിച്ച നിസാറിനെയും, അമ്മാവനെയും, സുഹൃത്തിനേയും അപമാനിച്ചു പറഞ്ഞയക്കുമ്പോൾ അകത്ത്‌ പൊട്ടിക്കരയുന്ന മുനീറയുടെ മുഖം ഇന്നും മായാതെ മുനീറിന്‍റെ മനസ്സിൽക്കിടക്കുന്നുണ്ട്‌.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മുനീറയുടെ എതിർപ്പ്‌ വക വെക്കാതെ പേരുകേട്ട തറവാട്ടിലെ പയ്യനുമായി കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞാൽ അവളെല്ലാം മറക്കുമെന്നായിരുന്നു വാപ്പയുടെ വാദം.
ഇന്നലെ മൈലാഞ്ചിയിടുമ്പോഴും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു എല്ലാവരും.
ഇന്നവൾ വീട്ടുകാരുടെ അഭിമാനം കാര്യമാക്കാതെ അവള്‍ക്കിഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു.
ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു .
മകളുടെ മനസ്സു കാണാന്‍ സന്മനസ്സു കാണിക്കാത്ത വാപ്പയെയോ ? അതോ ഇത്രയും കാലം മക്കളെ ഒരു കുറവും അറിയിക്കാതെ പോറ്റി വളർത്തിയ വാപ്പയുടെയും കുടുംബത്തിന്‍റെയും അഭിമാനം ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞ, തങ്ങളെ അന്യരാക്കി കടന്നു പോയ കുഞ്ഞു പെങ്ങളെയോ ? ------------------------------------------ മാതാപിതാക്കളോടൊരു വാക്ക്‌: നിങ്ങളുടെ മകൾ കൊള്ളാവുന്ന ഒരാളെയാണ് പ്രണയിക്കുന്നതെങ്കിൽ ജീവിത കാലം മുഴുവൻ അവൾ അവന്‍റെ കൂ
ടെ സന്തോഷത്തോടെ കഴിയുമെങ്കിൽ നിങ്ങൾ ആ ബന്ധത്തിന് എതിരു നിൽകുന്നതെന്തിന്?
മക്കളോട്: ഒരു കുറവും വരുത്താതെ ജീവിതത്തിന്‍റെ നല്ലൊരുഭാഗം നിങ്ങള്‍ക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെക്കുന്ന രക്ഷിതാക്കളുടെ മുഖം ഇന്നലെ അറിഞ്ഞ ഒരാളുടെ സ്നേഹത്തിനു വേണ്ടി മറക്കാൻ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
Read more...

Thursday, August 6, 2015

ഷോപ്പിംഗ്


0 comments

നിങ്ങൾക്കറിയോ ഏഴാം കടലിനപ്പുറവും ഇപ്പുറവും സന്തോഷത്തോടെ കഴിയുന്ന ദമ്പതികളുടെ മനഃസമാധാനം കളയാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദമ്പതികൾക്കാവും. എന്താ വിശ്വാസം വരുന്നില്ലേ... ദാ കേട്ടോളൂ ഒരു സംഭവ കഥ.
ഇതിലെ നായിക സുലൈഖ. ഒരു വീട്ടമ്മയാണ്. നായകൻ ജമാൽ. ഒരു പ്രവാസിയും.
ഭർത്താവ് പ്രവാസി ആയത് കൊണ്ടു തന്നെ തനിച്ചാണ് പലപ്പോഴും സുലൈഖ ഷോപ്പിംഗിന് പോകാറ്. ജമാൽ നാട്ടിലുള്ള സമയത്താണെങ്കിൽ അയാളും കൂട്ടു പോകും. പക്ഷേ ഏതെങ്കിലും
കടയുടെ മുന്നിൽ സുലൈഖയെ തട്ടി കുട്ടിയേയും കൂട്ടി ആൾ സ്ഥലം വിടും. അവസാനം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ബില്ലൊക്കെ ശരിയായാൽ ജമാലിനെ വിളിച്ചാൽ വന്ന് ബില്ലടച്ചോളും. അയാൾക്കറിയാം അവൾക്ക് പിന്നാലെ നടന്നാൽ വെറുതെ നാണം കെട്ട് ബി .പി കൂടുകയേ ഉള്ളൂ എന്ന്.
ജമാലിൻറെ പ്രവൃത്തിയിൽ സുലൈഖയും ഹാപ്പിയാണ്. കാരണം ജമാൽ സെലക്റ്റ് ചെയ്യുന്ന ഡ്രസ്സ് 'ഒന്നുകിൽ കളരിക്ക് പുറത്ത് അല്ലെങ്കിൽ ഗുരിക്കളെ നെഞ്ചത്ത്' എന്ന ടൈപ്പ് ആകും. പിന്നെ ചില സെയിൽസ്മാൻമാരുടെ പഞ്ചാര വർത്തമാനം കേട്ടാൽ ജമാൽ പക്കാ ഹിറ്റ്ലർ മാധവൻ കുട്ടിയുമാകും.
എല്ലാറ്റിനും ഉപരിയുള്ള മെച്ചം എന്താണെന്നു വെച്ചാൽ പുള്ളി കൂടെയില്ലെങ്കിൽ പൈസയൊന്നും നോക്കാതെ ഇഷ്ടമുള്ളത് വാങ്ങാം. ഇത്തിരി പോന്ന കാജലിൻറേയും ഐലൈനറിൻറേയും യഥാർത്ഥ വില ജമാൽ അറിഞ്ഞാൽ "ഇൻറെ കണ്ണിന് എന്തിനാ സുലു കൺമഷി. അല്ലാതെ തന്നെ ഇഞ്ഞെൻറെ ഹൂറിയല്ലേ" എന്നൊക്കെ പൊക്കിപ്പറഞ്ഞ് "കണ്ണെഴുതൽ" എന്ന കലയ്ക്ക് തന്നെ ഒരു തീരുമാനമുണ്ടാക്കും.
വീട്ടിൽ എത്തിയാൽ വാങ്ങിയ സാധനങ്ങൾ നോക്കുമ്പോൾ പൊട്ടലും ചീറ്റലും ഒക്കെ കാണുമെങ്കിലും അതൊക്കെ ക്ലീൻ ആയി ഡീൽ ചെയ്യാനും സുലുവിനറിയാം.
ഫ്രഷ് ആവാനെന്ന പേരിൽ നേരെ ബാത്ത്റൂമിൽ കയറി നല്ല സ്പീഡീൽ ടാപ്പ് തുറന്നിടും. വെള്ളം വീഴുന്ന ശബ്ദം കാരണം ജമാലിൻറെ ചീത്ത കേൾക്കാതിരിക്കാനാണിത്. കാരണം അധികം ചീത്ത കേട്ടാൽ സുലുവിനും ചൊറിഞ്ഞു കേറി വരും. പിന്നെ അവഴുടെ നാവും വെർതെയിരിക്കില്ല.
ജമാലിൻറെ ചീത്ത ഒന്നടങ്ങിയാൽ ഉറപ്പിക്കാം ദേഷ്യം പാതി തീർന്നെന്ന് പിന്നെ മെല്ലെ ഇറങ്ങി ജമാലിൻറെ കണ്ണിൽ പെടാതെ അടുക്കിളയിലേക്ക് നടക്കും. മുന്നിൽ പെട്ടാൽ നേരത്തെ കുറഞ്ഞ ബി.പിയുടെ തോത് ഉയരാനും ചീത്ത പുനരാരംഭിക്കാനും ഇടയുള്ളതിനാലാണിത്.
അതിനു ശേഷം ജമാലിന് ഇഷ്ടമുള്ള പോത്ത് വരട്ടിയതും പത്തിലും ഉണ്ടാക്കി വെച്ചതിനു ശേഷം റൂമിൽ പോയി ഒന്നൊരുങ്ങി വരും. എന്നിട്ട് ജമാലിനെ സ്നേഹത്തോടെ വിളിച്ച് ഭക്ഷണത്തിനു മുന്നിലിരുത്തും. സുന്ദരിയായി നിൽക്കുന്ന സുലുവിൻറെ കൈ കൊണ്ടു ഇഷ്ട ഭക്ഷണം. അതോടെ ജമാൽ ഫുൾ ഫ്ലാറ്റ്. പിന്നെ കൂടുതലായി നടത്തിയ ഷോപ്പിംഗിൻറെ കാര്യം മിണ്ടില്ലെന്ന് മാത്രമല്ല " ഇനിക്ക് ഇനിയും ഷോപ്പിംഗ് ചെയ്യാരുന്നില്ലേ സുലൂ" എന്നു പോലും പറയും.
പതിവ് പോലെ സുലൈഖ അന്നും ഷോപ്പിംഗിന് പോയി. ഇപ്രാവശ്യം ജമാൽ നാട്ടിലില്ലാത്തത് കാരണം ഒറ്റക്കാണ് പോയത്.
ചുരിദാർ ഓരോന്നായി സെലക്റ്റ് ചെയ്തോണ്ടിരിക്കുമ്പൊഴാണ് കഥയിലെ വില്ലൻമാരായ നവ ദമ്പതികളുടെ കടന്നു വരവ്. അവരും സുലൈഖക്കടുത്ത് നിന്ന് ചുരിദാർ തിരയാൻ തുടങ്ങി. ഇണങ്ങുന്നുണ്ടോ എന്നു നോക്കാൻ അവൻറെ ചേർത്ത് വെച്ചു നോക്കലും അവളുടെ നാണവും അവൻറെ പഞ്ചാര വർത്തമാനവും ആകെ കൂടി, ഇവരുടെ ഈ റൊമാൻറിക് സീൻ കണ്ടതും അതുവരെ 'ഊർവശീ ശാപം ഉപകാരം' എന്നു സമാധാനിച്ച് ഒറ്റക്ക് ഷോപ്പ് ചെയ്യുന്നതിൽ സംതൃപ്തയായ സുലൈഖയുടെ മനസ്സ് ഇളകാൻ തുടങ്ങി.
നീ ആധുനിക വനിതയാണ് , അസൂയ, കുശുമ്പ് ഇതൊന്നും നിനക്ക് ചേർന്നതല്ല, എന്നൊക്കെ പറഞ്ഞ് സുലു മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവളുടെ കുശുമ്പിയായ മനസ്സിനുണ്ടോ വല്ല അനുസരണയും. ഇവരുടെ സീൻ അസഹനീയമായപ്പോൾ "പടച്ചോനെ, എനക്കിതൊന്നും കാണാൻ വയ്യേ" എന്ന ആത്മഗതത്തോടെ അവിടെ നിന്നിറങ്ങി അടുത്ത ഷോപ്പിൽ കേറി.
കുറച്ചു കഴിഞ്ഞപ്പോൾ ദേ വരുന്നു അവരും ആ കടയിലേക്ക്. ദേഷ്യം കേറിയ സുലു ഏതാണ്ട് മേടിക്കാനുറപ്പിച്ച ചുരിദാർ കാണിച്ചു ഇതിൻറെ മഞ്ഞ കളർ ഉണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന മറുപടി കേട്ടതും " പിന്നെന്തിനാ ഇഞ്ഞിബ്ടെ ഷോപ്പും തുറന്നിരിക്കുന്നെ .. പൂട്ടി പൊയ്ക്കൂടെ" എന്നു ചോദിച്ചു കയ്യിലിരുന്ന ചുരിദാർ ഡസ്കിലേക്ക് ഒരേറു കോടുത്തു.
മഞ്ഞ ചുരിദാർ ഇല്ലെങ്കിൽ ഷോപ്പ് തുറക്കാൻ പാടില്ലേ എന്ന് ആന്ധാളിച്ച് തന്നെ തന്നെ തുറിച്ചു നോക്കുന്ന സെയിൽസ്മാനെ ഒന്നു പുച്ഛത്തോടെ നോക്കി തലവെട്ടിച്ച് ചവിട്ടിക്കുലുക്കി പുറത്തേക്കിറങ്ങിയ സമയത്താണ് ഇതൊന്നും അറിയാതെ, ബീബിയുടെ കിളിനാദം കേൾക്കാൻ ദാഹിച്ചുള്ള പാവം ജമാലിൻറെ ഫോൺവിളി.
ഇനി നിങ്ങൾ പറ. ദേഷ്യം കാരണം അന്ധയായി ആരുടെടെ മേൽ കലിപ്പ് തീർക്കുമെന്നറിയാതെ അടിമുടി വിറച്ചു നിൽക്കുന്ന സുലുവിന് ഇരയുടെ രൂപത്തിൽ ഇതിനൊക്കെ കാരണമായ ജമാലിനെ തന്നെ കിട്ടിയാൽ വെറുതെ വിടുമോ..?
ജീവിതത്തിൻറെ രണ്ടറ്റം കൂട്ടി മുട്ടിക്കാനായി ഒരറ്റം കയ്യിൽ പിടിച്ചു തനിക്കു പിന്നാലെ മറ്റേ അറ്റം ഓടുന്നുണ്ടെന്നറിയാതെ മറുതല അന്യേഷിച്ചു ഓടുന്ന ജമാൽ കാര്യമറിയാത്ത ഈ കലിപ്പ് കേട്ട് മിണ്ടാതിരിക്കുമോ...?
Read more...

നിലാവ്


0 comments

അവൾ പറയുന്നു,
നിലാവ് എൻറെ സ്വന്തമല്ല
മറ്റു പലർക്കുംകൂടെ സ്വന്തമാണെന്ന്..
ഞാൻ നോക്കുമ്പൊഴൊക്കെ ഒരു ധ്രുവ താരകം പോലെ എൻറെ മുന്നിൽ 
വഴി കാട്ടിയായി അവനുണ്ട്.
ഞാൻ ഓടുമ്പോൾ കൂടെ ഓടിയും
ഞാൻ തളർന്നിരിക്കുമ്പോൾ
എന്നെ തന്നെ ഉറ്റുനോക്കി കൂട്ടിരുന്നും
ഞാൻ പിണങ്ങി പിന്തിരിഞ്ഞു നടക്കുമ്പോൾ
പിന്നാലെ വന്നു പിണക്കം മാറ്റിയും
എൻറെ കൂടെയുണ്ടവൻ..
ഗാഢ നിദ്രയിൽ ദുഃസ്വപ്നം കണ്ട്
ഞാൻ ഞെട്ടി ഉണരുമ്പൊഴും
എൻറെ ജാലകപ്പഴുതിലൂടെ കള്ളച്ചിരിയോടെ
എന്നെ തന്നെ നോക്കി നിൽക്കുന്ന
അവനെ എനിക്ക് കാണാം.
പിന്നെ എപ്പൊഴാണ് എൻറെ നിലാവ്
വേറെ ഒരാളുടെ കൂടെ പോകുന്നത്..?
എങ്ങനെയാണവൻ മറ്റുള്ളവർക്ക് കൂടി
സ്വന്തമാകുന്നത്..?
എപ്പോഴും കൂടെയുള്ള എൻറെ നിലാവിനെ
പിന്നെന്തിന്‌ ഞാൻ സംശയിക്കണം..?
ഞാൻ കണ്ണ് തുറക്കുമ്പോഴൊക്കെ
മുന്നിൽ പകൽ പോലെ തെളിയുന്ന
എൻറെ നിലാവിനെ അവളുടെ വാക്ക് കേട്ട്
ഞാനെന്തിനു അവിശ്വസിക്കണം...?
Read more...

സുലു ജമാല്‍


0 comments

ആഴ്ചയിൽ ഒരിക്കൽ മാത്രം സമാധാനത്തോടെ ഉറങ്ങാൻ കിട്ടുന്ന വെള്ളിയാഴ്ച ഉറക്കം മാക്സിമം യൂട്ടിലൈസ് ചെയ്തു ജമാൽ ഉറങ്ങുമ്പൊഴാണ് മൊബൈലിൻറെ നിർത്താതെയുള്ള റിംഗ്.
"ഏത് ബലാലാണ് ഇന്നേരത്ത് എൻറെ ഉറക്കം കളയാൻ" എന്ന് പിറുപിറുത്ത് കൊണ്ടു കലിപ്പോടെ ഫോൺ എടുത്ത ജമാൽ സ്ക്രീനിൽ സുലൈഖയുടെ നമ്പർ കണ്ടതും ആധിയോടെ ചാടി എഴുനേറ്റു.
"എന്താ സുലൂ... ഇഞ്ഞെന്താ ഇന്നേരത്ത് ബിളിച്ചേ..?"
"അതുണ്ടല്ലോ ജമാൽക്കാ ഞാനിന്നൊരു സാധനം മാങ്ങി"
"എന്തു സാധനാ സുലൂ ഇഞ്ഞ് മാങ്ങിയേ..?" പറയുമ്പോൾ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിലുള്ള കലിപ്പ് മറച്ചു വെച്ച് സംസാരത്തിൽ അത്യാവശ്യത്തിന് തേനും ശർക്കരയും പുരട്ടാൻ ജമാൽ മറന്നില്ല. മറന്നാലുള്ള പുകില് അയാൾക്കറിയാമായിരുന്നു.
"ഇങ്ങക്ക് ഇപ്പം എന്നോട് ഒര് ഇഷ്ടോം ഇല്ല. അതല്ലേ എന്നോട് സംസാരിക്കാൻ പോലൂം താല്പര്യം ഇല്ലാത്തെ. ഇങ്ങക്ക് ആട വല്ല മദാമ്മയും ഉണ്ടാവും. അതാ എന്നെ മാണ്ടാത്തെ" എന്ന് പറഞ്ഞുള്ള പരാതിയും. പിന്നെ മൂക്ക് പിഴിച്ചലും കരച്ചിലും.
എല്ലാം സഹിക്കാം ആ കരച്ചിൽ, അത് കേട്ടാൽ പണ്ട് പ്രവാസത്തിലേക്ക് വണ്ടി കയറുമ്പോൾ ഉമ്മറത്ത് കണ്ണീരോടെ തന്നെ യാത്രയാക്കുന്ന സുലുവിൻറെ ദയനീയ മുഖം ഓർത്തു പോകും ജമാൽ. അത് മതി പിന്നെ കുറേ ദിവസത്തേക്കുള്ള അയാളുടെ ഉറക്കം കളയാൻ.
"അത് ജമാൽക്ക ഇന്നിബ്ടെ രണ്ടു പെണ്ണുങ്ങള് മന്ന്ക്കേനു. നിർമ്മിച്ച സാധനേല്ലേ.... അതും കൊണ്ട്."
"എന്ത് നിർമ്മിച്ച സാധനം... ? ഇഞ്ഞ് തെളിച്ചു പറ സുലോ"
"എന്ത്ന്നാ തെളിച്ചു പറയാൻ. ഞമ്മള് ചോറും കറീം ബെളമ്പി തിന്ന്ന്ന പ്ലെയിറ്റ് . അതന്നെ"
"അതിനെന്തിനാ നിർമ്മിച്ച സാധനം എന്നൊക്കെ പറയുന്നെ. പ്ലെയിറ്റ് എന്ന് പറഞ്ഞാപ്പോരേ. എല്ലാ പ്ലെയിറ്റും നിർമ്മിക്കുന്നത് തന്നെയല്ലേ.. ?"
"അതൊന്നും എനക്ക് അറിഞ്ഞൂടാ.. ഇത് ഓല് സ്വന്തായി നിർമ്മിച്ചതാലോ, പൊറത്തൊന്നും കിട്ടൂലാന്നാ ഓല് പറഞ്ഞേ. അതോണ്ട് എൻറേട്ത്ത് പൈശ ഇല്ലാത്തോണ്ട് ഞാൻ അപ്പുറത്തെ പാത്തുച്ചാനോട് പൈശ കടം മാങ്ങീറ്റാ മാങ്ങിയേ..."
ഇതെന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആണെന്ന് ജമാലിന് മനസ്സിലായെങ്കിലും ഒരു കുടുംബ കലഹം ഒഴിവാക്കാൻ അയാൾ മൌനം പാലിച്ചു
"ബേറെ ബിശേശോന്നും ഇല്ലാലോ , ഞാൻ ഞാൻ ഉറങ്ങട്ടെ സുലോ. " എന്ന് പറഞ്ഞ് മറുപടിക്ക് കാത്തു നില്കാതെ ജമാൽ കോൾ കട്ട്‌ ചെയ്തു
ഉച്ചക്ക് ജുമുഅക്ക് ഇറങ്ങാൻ തിരക്കിൽ ഒരുങ്ങുമ്പോഴാണ് വീണ്ടും കട്ടിലിൽ കിടന്ന് മൊബൈൽ പെടക്കാൻ തുടങ്ങിയത്.
"എല്ലാ പഹയന്മാരും മനുഷ്യൻ ബിസിയാവ്ന്ന നേരം നോക്കി ഇരിക്ക്വാ ബിളിക്കാൻ" എന്ന് പറഞ്ഞു ദേഷ്യത്തോടെ ഫോണിനരികിലേക്ക് ചെന്നപ്പോൾ വീണ്ടും സുലു തന്നെ.
"ഈ വാട്സ്അപ്പ് കോള് ബന്നത് മുതൽ മനുഷ്യന് സ്വൈര്യല്ലാണ്ടായി. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബിളിച്ച് എടങ്ങേറാക്കിക്കോളും. " സുക്കർ ബർഗ്ഗിനോടുള്ള ദേഷ്യം ജമാൽ തീർത്തത് പച്ച ബട്ടന് ഒരു തള്ള് വെച്ചു കൊടുത്തിട്ടാണ്.
" എന്താ സുലൂ..ഇഞ്ഞ് പിന്നേം..? ഞാൻ പള്ളീൽ പോവാൻ നോക്ക്ന്നേനു. "
"അത്ണ്ടല്ലോ ജമാൽക്കാ.." സുലു നിന്നു പരുങ്ങി.
"എന്താ സുലോ..ഇഞ്ഞ് കാര്യം പറ..."
അത് നേരത്തെ ഞാൻ മാങ്ങിയ ആ നിർമ്മിച്ച പ്ലെയിറ്റ് ഇല്ലെയ്നോ" പിന്നേം നിന്ന് പരുങ്ങാൻ തുടങ്ങി സുലൈഖ
"ഇഞ്ഞ് തെളിച്ചു പറ സുലോ.. എനക്ക് പള്ളീൽ പോകാൻ നേരം പോന്നൂ. പ്ലെയിറ്റിനെന്തു പറ്റി..?"
"അത് ഇന്നുച്ചക്ക് ചൂടുള്ളചോ റ് ബെളമ്പിയപ്പോ പൊട്ടിപ്പോയി. ഞാൻ എല്ലം പൊട്ടുമോന്ന് അറിയാൻ എല്ലാത്തിലും ചോറ് ഇട്ടു നോക്കി. എല്ലം പൊട്ടിപാപോയി." സുലു ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
തിരക്കിൽ വിളിച്ച ദേഷ്യവും, പൈസ വെർതെ കളഞ്ഞ കലിപ്പും എല്ലാം കുടെയായപ്പോൾ ജമാലിൻറെ പിന്നീടങ്ങോട്ടുള്ള സംസാരം മോട്ടോർ ഘടിപ്പിച്ച തയ്യൽ മെഷീൻ പോലെയായി.
"നിർമ്മിച്ചതാ, പുറത്ത്‌ പീടികയിൽ കിട്ടൂലാ എന്നൊക്കെ പറഞ്ഞപ്പോൾ തന്നെ എനക്ക്‌ തോന്യേതാ ഇതിങ്ങനെയാ ബെരൂ എന്ന്... അതങ്ങനെനെയാ പുറത്ത് പീടികയിൽ ഉണ്ടാവുന്നതെങ്ങനെയാ ഇമ്മാതിരി സാധനം ബിറ്റാല് പിറ്റേന്നേക്ക് പീടിയ അവ്ടെ നാട്ടുകാർ ബാക്കി വെക്ക്വോ..?"
മറുതലക്കയൽ സുലു നിശ്ശബ്ദം. സുലു ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ ജമാൽ ഒന്നൂടെ ഉശാറായി.
"അല്ലേലും ഞാനിബ്ടെ കെടന്ന് ഇങ്ങനെ നയിക്കുക. ഇഞ്ഞ് മണ്ടത്തരം കാട്ടി പൈശ ഇങ്ങനെ നശിപ്പിക്കുക. എന്നാല് മാസത്തില് പൈശ അങ്ങ് കിട്ടീക്കില്ലേങ്കിലോ ഇൻറെ സ്വഭാവം മാറൂലെ. എന്നാലോ ഇങ്ങനെ മണ്ടത്തരം കാണിച്ചിറ്റ് പൈശ കളയുന്നേന് മാത്രം ഒരു കൊറവൂലാ.."
മണ്ടത്തരം എന്ന് പറഞ്ഞത് കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ'മുടങ്ങാതെ എസ്.എം.എസ് അയച്ച് കാത്ത് നിൽക്കുന്ന സുലുവിന് അത്രക്കങ്ങ് ദഹിച്ചില്ല.
"നാറാണത്ത് ഭ്രാന്തൻ കല്ല് ഉരുട്ടി കയറ്റുകയും തള്ളീടുകയും ചെയ്യുന് പോലെ പ്രവാസത്തിൽ പോവുകേം ബര്വേം ചെയ്യുന്ന ഇങ്ങള് എന്നെ മണ്ടത്തരം പഠിപ്പിക്കണ്ട."
"ഇങ്ങള് ഇള്ള പണ്ടം തീർത്തും പണയം ബെച്ചും നാട്ട്കാരോട് കടം മാങ്ങിയും ദുബായ്ക്ക് പറക്കും. എന്നിട്ട് അവിട കെടന്ന് നയിച്ച് ഇബ്ട ഇള്ള കടം തീർക്കാൻ തുടങ്ങും. കടത്തിന്ന് ഒന്ന് കയ്ച്ചലായാൽ പിന്നേം നാട്ടിൽ ബരും. പിന്നേം പണയം വെക്കും പിന്നേം ഗൾഫിൽ പോകും.. പിന്നേം കടം ബീടും...പത്ത് പതിനഞ്ച് കൊല്ലായിറ്റ് ഇതന്നല്ലെ ഇങ്ങളെ പണി. ഇത്രേം കാലത്തിനിടേല് മൂന്ന് കൊല്ലം തെകച്ച് ഇങ്ങള് എൻറെട്ത്ത് നിന്നിക്ക്ണ്ടോ...? പടച്ചോൻറെ കൃപ കൊണ്ടു മൂന്നു മക്കളെ കിട്ടി. അൽഹംദുലില്ലാ. അല്ലാണ്ട് ബേറെ എന്ത് സമ്പാദ്യമാ ഇങ്ങള് ഇണ്ടാക്ക്യേ...?
ഇങ്ങള് ചെയ്യുന്ന ഈ മണ്ടത്തരത്തിൻറെ അത്ര വലിയ മണ്ടത്തരമൊന്നും ഞാൻ ചെയ്തിക്കില്ല." സുലു നിന്നു വിറച്ചു
"എന്നാ പിന്നെ ഞാൻ നാട്ടില് നിക്ക. പോത്ത് പോലോത്ത ഇനിക്കും മക്കൾക്കും തിന്നാനും പത്രാസ് കാണിക്കാനും ഇൻറെ ബാപ്പ കൊണ്ടു തരുവേല്ലോ... ഞാനിബ്ട്ന്ന് ചോര നീരാക്കി നയിക്കുന്ന പൈശ കൊണ്ടു തിന്നിറ്റ് ബറ്റ് എല്ലിൻറെ ഉള്ളിൽ കുത്ത്ന്നതാ ഇനിക്ക്.... നാട്ടിൽ ബന്നിറ്റ് ഇൻറെ ദൂർത്തിനും ആഢംബരത്തിനും പൈശ ഉണ്ടാക്കാൻ ഞാൻ കക്കാൻ പോവ."
ഇങ്ങനെ പറയാനാണ് ജമാലിന് ചൊറിഞ്ഞു വന്നതെങ്കിലും പകരം " ഹലോ.. സുലോ.. കേൾക്കുന്നില്ലാലോ.. ഇഞ്ഞാട ഇണ്ടോ. " എന്നാണ് പുറത്ത് വന്നത്
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്‌ ചിലതൊക്കെ പറയാതെ വിഴുങ്ങേണ്ടത് അത്യാവശ്യമാണ്‌ എന്നത് പാവം ജമാലിന് നന്നായി അറിയാമായിരുന്നു.
Read more...

Friends Delux


0 comments

ചില സമയത്ത്‌ 20 രുപക്ക്‌ മുന്നിൽ 500രൂപ ഒന്നും അല്ല എന്ന് അനുഭവം എന്നെ പഠിപ്പിച്ചു. എന്തെ, അതിശയം തോന്നുന്നോ..? ഇത് വായിക്കൂ.
ഒരാഴ്ച മുൻപ്‌ വെക്കേഷൻ പ്രമാണിച്ച് ഇത്തയുടെ വീട്ടിൽ പോവുകയായിരുന്നു ഞാൻ. രാവിലെ തുടങ്ങിയ ഒരുക്കം കുളിയും, തേവാരവും, പെയിൻറടിയുമെല്ലാം കഴിഞ്ഞു ഇറങ്ങുമ്പൊഴേക്കും സമയം 4 മണി കഴിഞ്ഞിരുന്നു. പേരാമ്പ്രയാണു ഇത്തയുടെ വീട്. വടകരയിൽ നിന്നു എന്റെ നാട്ടിലൂടെ പേരാമ്പ്രക്ക്‌ നേരിട്ട് ബസ്സ്‌ ഉണ്ട്‌. ഞാൻ വീട്ടിൽ നിന്നും ഓട്ടോയിൽ ടൗണിൽ എത്തുമ്പോൾ ബസ്സ്, സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നുണ്ടായിരുന്നു.
മഴക്കോളും, സമയം വൈകിയതും എല്ലാം കൂടെയുള്ള ഭയം കാരണം ബസ്സിനു കൊടുക്കാൻ വേണ്ടി ചില്ലറയാക്കാൻ കയ്യിൽ കരുതിയ 500 രൂപയുടെ കാര്യം മറന്നു ബസ്സിൽ ചാടിക്കയറി. കണ്ടക്റ്റർ അരികിലേക്ക്‌ വരുന്നത്‌ കണ്ടപ്പോഴാണ് ചില്ലറയാക്കാൻ മറന്നല്ലോ എന്ന കാര്യം ഓർമ്മ വന്നത്. പിന്നെ നെഞ്ച് പട പടാന്നു മിടിക്കാൻ തുടങ്ങി. പണ്ടു ഹോം വർക്ക്‌ ചെയ്യാത്തതിനു കണക്ക്‌ മാഷ്‌ പിടിച്ചപ്പൊ പോലും ഞാൻ ഇത്ര ഭയന്നിട്ടുണ്ടാവില്ല. ധൈര്യം സംഭരിച്ചു ദൈവത്തയും ഒർമ്മയിൽ വന്ന സകല ദൈവ ദൂതന്മാരേയുമൊക്കെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് "ഒരു പേരാമ്പ്ര" എന്നു പറഞ്ഞു 500 രൂപ കണ്ടക്ടറുടെ കയ്യിൽ കൊടുത്തു.
ആപത്‌ ഘട്ടങ്ങളിൽ മാത്രം ദൈവത്തെ ഓർക്കുന്ന എന്റെ പ്രാർത്ഥനയിലെ കാപട്യം മനസ്സിലായിട്ടാവണം ദൈവം എന്നെ തുണച്ചില്ല. പേടിച്ചത്‌ തന്നെ സംഭവിച്ചു. ചില്ലറക്ക്‌ ആവശ്യപ്പെട്ട കണ്ടക്ടറോട് ചില്ലറ ഇല്ല എന്നു പറഞ്ഞതും ആ 500 രൂപ എറിയുന്നത്‌ പോലെ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചതും ഒരുമിച്ചായിരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല. ബസ്സിൽ 500 രൂപ കൊടുക്കുക എന്ന മഹാപരാധമല്ലേ ചെയ്തിരിക്കുന്നത്‌. സഹിക്കുക അല്ലാതെന്തു ചെയ്യും. 500 രൂപയോട്‌ ആദ്യമായി വെറുപ്പ് തോന്നിയ നിമിഷങ്ങൾ.
ബസ്സിൽ തിരക്കില്ലാത്തതിനാൽ എല്ലാർക്കും ഈ സീൻ കാണാമായിരുന്നു. പരിഹാസമോ സഹതാപമോ എന്നു തിരിച്ചരിയാൻ കഴിയാത്ത വിധത്തിലുള്ള നോട്ടങ്ങൾ. ഭൂമി പിളർന്നു അകത്തേക്ക്‌ പോയിരുന്നെങ്കിൽ എന്ന് പോലും ആശിച്ചു പോയി ഞാൻ. എന്തു ചെയ്യാം. അതിന് ഞാൻ സീതയല്ലല്ലോ.
ചമ്മൽ മറക്കാനായി ഞാൻ ബാഗിൽ ചിലറയ്ക്ക്‌ തപ്പലോട്‌ തപ്പൽ. എവ്ടെ.... ഉണ്ടായിട്ടു വേണ്ടേ കിട്ടാൻ. അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാലോ എന്നൊക്കെ ചിന്തിച്ച് എന്തു ചെയ്യണമെന്നറിയാതെ ആത്മവിശ്വാസം ചോർന്ന് പകച്ചു നിൽക്കുമ്പൊഴാണ് അടുത്ത സീറ്റിൽ ഇരിക്കുന്ന ചേച്ചി "എന്താ പൈസ വേണോ" എന്നു ചോദിക്കുന്നത്‌. ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ മുഖ പരിചയമുള്ള ചേച്ചിയാണ് .ഒട്ടും ആലോചിക്കേണ്ടി വന്നില്ല എനിക്ക്‌ "വേണം" എന്നു പറയാൻ. ആ ചേച്ചി 20 രൂപ എനിക്ക്‌ തന്നു അവരുടെ സ്റ്റോപ്പിൽ ഇറങ്ങിപ്പോയി.
അതുവരെ കുനിഞ്ഞു നിൽകുന്ന എന്റെ തല പൈസ കിട്ടിയതും പെട്ടെന്നു ഉയർന്നു. നഷ്ടപ്പെട്ട അത്മ വിശ്വാസം പതിൻ മടങ്ങായി വീണ്ടെടുത്ത് എന്റെ നിസ്സഹായാവസ്ഥ ആസ്വദിക്കുകയായിരുന്നു കണ്ടക്റ്റർക്ക്‌ നേരെ വിജയ ഭാവത്തോടെ നോക്കി ഞാൻ പൈസ കയ്യിൽ വെച്ചു കൊടുത്തു. " ഇത്ര നേരം ഓടിയിട്ട് 500 രൂപക്കുള്ള ചില്ലറ നിങ്ങളുടെ കയ്യിൽ ഇല്ല അല്ലേ" എന്നു കലിപ്പോടെ ചോദിക്കാനും ഞാനപ്പോൾ മടിച്ചില്ല. എന്റെ കലിപ്പ്‌ ഭാവം കണ്ടിട്ടാകണം പൈസയും മേടിച്ച് അയാൾ പിന്നിലേക്ക്‌ ഒറ്റ വലിയൽ.
തള്ളേ കലിപ്പ്‌ തീരണില്ലല്ലോ...അവനോടുള്ള‌ എൻറെ കലിപ്പ് എങ്ങനെ തീർക്കും..?. കുറെ കാലമായി ബസ്സിൽ യാത്ര ചെയ്യാത്തത്‌ കൊണ്ടു പേരാമ്പ്രക്ക് എത്ര രൂപയാണെന്ന് എനിക്കറിയില്ല. 20 രൂപ തന്നെ ഉണ്ടാവുമോ..? ഇല്ലെങ്കിൽ ബാക്കി പൈസക്ക്‌ ചോദിക്കുമ്പോൾ രണ്ട് പറയാമായിരുന്നു. ഇങ്ങനെ ചിന്തിച്ചു തല പുകയ്ക്കുമ്പോഴാണ് പെട്ടെന്ന് എന്റെ തലയിൽ ട്യൂബ്‌ ലൈറ്റ്‌ മിന്നുന്നത്‌. ലവൻ എനിക്ക്‌ ടിക്കറ്റ്‌ തന്നിട്ടില്ല...!!!!.
പിന്നെയുണ്ടോ എൻറെ മനസ്സ് അടങ്ങിയിരിക്കുന്നു. ഗോൾ അടിക്കാൻ പാകത്തിൽ ബോൾ എനിക്ക് കിട്ടിയിരിക്കുവല്ലേ. ബാക്ക് ഡോറിൽ നിൽക്കുന്ന അയാളെ നോക്കുമ്പോഴൊക്കെ എനിക്ക് മുഖം തരാതെ അയാൾ നോട്ടം മാറ്റിക്കളഞ്ഞു. അവസാനം മുന്നിൽ യാത്രക്കാർ കൂടിയപ്പോൾ ഗത്യന്തരം ഇല്ലാതെ ടിക്കറ്റ്‌ മുറിക്കാൻ വന്ന അയാളോട്‌ "എനിക്ക് ടിക്കറ്റ് കിട്ടീല്ല" എന്നു പറഞ്ഞു. ഇത്തിരി നേരം ടിക്കറ്റിൽ നോക്കി ആലോചിച്ചു അയാളെനിക്ക് ടിക്കറ്റ്‌ മുറിച്ചു തന്നു. സത്യം പറഞ്ഞാൽ നേരത്തെ പൈസ കോടുക്കുമ്പോൾ എന്റെ കണ്ണിലെ LED ലൈറ്റ്‌ കാരണം അയാളോട് ടിക്കറ്റ്‌ തരാൻ തന്നെ മറന്നു പോയിരുന്നു.
ടിക്കറ്റിൽ 13 രൂപ എന്ന് കണ്ടതും ബജറ്റ്‌ അവതരിപ്പിച്ചു കഴിഞ്ഞ മാണി സാറിനെ പോലും തോൽപ്പിച്ചു കളഞ്ഞു എന്റെ വിജയീ ഭാവം. ടിക്കറ്റ്‌ തന്നു എന്റെ മുന്നിൽ നിന്നും രക്ഷപ്പെടുന്ന കണ്ടക്റ്ററെ "ഹലോ.." എന്നു വിളിച്ചു ഞാൻ " ബാക്കി പൈസ എവ്ടെ" എന്നു ചോദിച്ചു. ഒന്നു ആലോചിച്ചു അയാൾ പറഞ്ഞു "ഞാൻ നേരത്തെ ബാക്കി പൈസ തന്നല്ലോ" എന്ന്. പിന്നെ എന്റെ ദേഷ്യം അതിന്റെ എക്സ്ട്രീമിൽ എത്തി. "റെസിയ റിലാക്സ്‌" എന്നു ഞാൻ പറയുന്നുണ്ടെങ്കിലും എവ്ടെ ഞാൻ റിലാക്സ്.
"500 ന് ചില്ലറ തരാതെ എന്നെ കഷ്ടപ്പെടുത്തിയതും പോരാ ഇപ്പം പൈസ തന്നെന്നും പറഞ്ഞെന്നെ പൊട്ടൻ കളിപ്പിക്കുന്നോ. നിങ്ങൾ എനിക്ക്‌ ടിക്കറ്റും പൈസയും ഒന്നും തന്നില്ല. 20 രൂപയും വാങ്ങി പിന്നിലേക്ക് ഒറ്റ ഓട്ടമായിരുന്നില്ലേ." ഞാൻ ചോദിച്ചു
"പേരമ്പ്രയല്ലേ ഇറങ്ങേണ്ടത്‌.. അപ്പോ തരാം" എന്നും പറഞ്ഞു ലവൻ വീണ്ടും പിന്നിലേക്ക്‌ വെച്ചടിച്ചു.
പേരാമ്പ്ര എത്തിയിട്ടും അവൻ മുന്നിലേക്ക്‌ വരുന്നതോ പൈസ തന്നതോ ഇല്ല. എൻറെ സ്റ്റോപ്പ്എത്തിയിട്ട് ഞാൻ ഇറങ്ങാത്തത് കണ്ടപ്പോൾ "ഇറങ്ങിക്കോ പൈസ തരാം" എന്നു പറഞ്ഞപ്പോഴും ഞാൻ വിട്ടു കൊടുത്തില്ല. "പൈസ കിട്ടിയിട്ട് ഇറങ്ങാം" എന്നായി ഞാൻ. അപ്പോ അവൻ വന്നു 7 രൂപ ബാക്കി തന്നു. 7 രൂപയല്ല 7പൈസയാണെങ്കിൽ പോലും അത് വാങ്ങിയിട്ടേ ഞാൻ ഇറങ്ങുമായിരുന്നുള്ളൂ. അത്രക്ക് നാണം കെട്ടിരുന്നു ഞാൻ.
പുറത്തിറങ്ങി ബസ്സിന്റെ പേരൊന്നു നോക്കി കളയാം എന്നു കരുതീ പേരു വായിച്ചപ്പോഴാ ശരിക്കും എന്റെ കണ്ണു നിറഞ്ഞു പോയത്‌. "
Friends Delux"....!!!
-----------------------------------------------
എന്നാലും എന്റെ "ഫ്രണ്ട്സ് ഡീലക്സ്കാരാ" ഫ്രണ്ടിനോട് കാണിക്കുന്ന സ്നേഹം വേണ്ട ഒരു എനിമിയോട്‌ കാണിക്കുന്ന ദയ എങ്കിലും നിങ്ങൾക്ക്‌ എന്നോട്‌ കാണിച്ചൂടാർന്നോ...frown emoticon
ചേച്ചീ... നന്ദിയുണ്ട്‌. മുഖ പരിചയം ഉണ്ടെന്നല്ലാതെ നിങ്ങളുടെ പേരോ വീടോ എനിക്കറിയില്ല. നിങ്ങൾ അപ്പോൾ ആ പൈസ തന്നില്ല എങ്കിൽ ആകെ നാണം കെട്ടു അടുത്ത സ്റ്റോപ്പ്‌ ഇറങ്ങുക എന്ന ഒപ്ഷണേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആവശ്യപ്പെടുക പോലും ചെയ്യാതെ ആ സമയത്ത്‌ എന്നെ സഹായിച്ചതിനുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല. എപ്പൊഴാണ് നിങ്ങളെ കണ്ടു ആ പൈസ തിരികെ തരാൻ പറ്റുക എന്നറിയില്ല. പൈസ തിരിച്ചു തന്നാലും തീരുന്നതല്ല ‌ നിങ്ങളോടുള്ള എൻറെ കടപ്പാട്... heart emoticon
Read more...

സൗഹൃദം


0 comments

സൗഹൃദമേ നിന്നേക്കാൾ മനോഹരമായ മറ്റേത് ബന്ധമാണ് ഭൂമിയിൽ ഉള്ളത്....
അതു കൊണ്ടു തന്നെയാണ് നിന്നെ ഞാൻ പ്രണയിച്ചു പോയതും, പ്രണയത്തെ അവഗണിച്ചു പോകുന്നതും.
 —
Read more...

വിധി


0 comments

എൻറെ വിധിയിൽ നിൻറെ പേര്
ദൈവം എഴുതി വെച്ചിട്ടുണ്ടെങ്കിൽ....
എൻറെ പരിഭവങ്ങളിലെ,
എൻറെ പിണക്കത്തിലെ,
എൻറെ ദേഷ്യത്തിലെ,
എൻറെ അവഗണനയിലെ,
എൻറെ കുശുമ്പിലെ,
എൻറെ സ്വാർത്ഥതയിലെ,
എൻറെ സ്നേഹം
നീ തിരിച്ചറിയും.
ആ സ്നേഹം മതി
നിന്നെ എന്നിൽ നിന്ന്
അകറ്റാൻ ശ്രമിക്കുന്ന
ഏത് ബാഹ്യ ശക്തികളേയും
അശക്തരാക്കാൻ..
എന്നിട്ടും നീ അകലുന്നു എങ്കിൽ
എൻറെ വിധിയിൽ നിൻറെ പേര്
എഴുതി ചേർക്കാതെ
എൻറെ നഷ്ടങ്ങളുടെ പട്ടികയിലെ
വലിയ നഷ്ടമായാണ് ദൈവം നിന്നെ
എഴുതിയതെന്ന് ഞാൻ സമാധാനിച്ചോളാം...heart emoticon
Read more...