Sunday, July 26, 2015

ഒളിച്ചോട്ടം


0 comments

ഭർത്തൃമതിയായ സ്ത്രീ തന്റെ കുട്ടികളേയും കൊണ്ടു കാമുകന്റെ കൂടെ ഒളിച്ചോടി !!!
പുറത്ത് അതിനെ പറ്റിയുള്ള വിമർശനമാണ്.
"ഭർത്താവുമായി യോചിച്ചു പോകാൻ കഴിയില്ലെങ്കിൽ ഡിവോർസ് വാങ്ങി പിരിയണം. അല്ലാതെ വീട്ടുകാരുടേയും ബന്ധുക്കളുടേയും മുഖത്ത്‌ കരിവാരിത്തേച്ചു ഇത്തരതിൽ പോകുകയാണോ വേണ്ടത്‌..? "
"അതെ, ഇവളെ ഒക്കെ വെട്ടി കൊല്ലുകയാണ് വേണ്ടത്. എങ്കിലേ നാളെ മറ്റൊരുവൾ ഇത് ചെയ്യാതിരിക്കൂ"
റൂമിലിരുന്നു കൊണ്ടു ഇവരുടെ ഈ സംസാരം ശ്രദ്ധിക്കുകയായിരുന്ന എനിക്കും അവളോട്‌ വല്ലാത്ത കലിപ്പു തോന്നി.
"അയാളെ വേണ്ടെങ്കിൽ വിവാഹ ബന്ധം വേർപ്പെടുത്തണം. അല്ലാതെ ഇത്തരത്തിൽ തന്നെ പോറ്റി വളർത്തിയ വീട്ടുകാരെ നാണം കെടുത്തി പോകേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ. മാപ്പർഹിക്കാത്ത തെറ്റല്ലേ അവൾ ചെയ്തത്?"
അന്നു ഉറങ്ങാൻ കിടന്നപ്പോഴും ആ ഒരു സംഭവം തന്നെയായിരുന്നു മനസ്സു നിറയെ. എന്റെ സമപ്രായം ആയത്‌ കൊണ്ടോ, എനിക്ക് നേരിട്ട് പരിചയം ഉള്ളത്‌ കൊണ്ടോ, എന്തോ എനിക്ക്‌ അവളുടെ ഭാഗത്തു നിന്ന് ഒന്നു ചിന്തിക്കാൻ തോന്നി.
അവളുടെ ഭർത്താവിനെ എനിക്ക് നന്നായി അറിയാം. എത്രയൊക്കെ അവൾ അഡ്ജസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചിട്ടും അയാൾ അവൾക്ക് വേദന അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല. സ്വന്തം രക്തത്തിൽ പിറന്ന മക്കളുടെ കാര്യത്തിൽ പോലും ഒരു ഉത്തരവാദിത്തവും ഇല്ലാത്തയാൾ.
അവൾക്ക്‌ മുന്നിൽ ഡൈവോർസ് അല്ലാതെ വേറൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. അതായിരുന്നു അവൾ ചെയ്യേണ്ടിയും ഇരുന്നത്‌.
പക്ഷേ, വിവാഹ ബന്ധം വേർപ്പെടുത്തിയ ഒരു പെണ്ണിനു(അത് അവളുടെ കുറ്റം കൊണ്ടു അല്ലായെങ്കിൽ പോലും) നമ്മുടെ നാട്ടിൽ കിട്ടുന്ന ഇമേജ്‌ എന്താ..?
പുറത്തിറങ്ങിയാൽ ചിലരുടെ അർത്ഥം വെച്ചുള്ള സംസാരം കണ്ടില്ല എന്നു നടിച്ചാലും സ്വന്തം വീട്ടിൽ പോലും അവൾക്ക് സ്വൈര ജീവിതം ലഭിക്കാറില്ല എന്നതാണ് സത്യം. സ്വന്തക്കാരുടെ ഇത്തരത്തിലുള്ള മാനസിക പീഢനമാവും പുറത്തിറങ്ങുമ്പോൾ അഭിമുഖീകരിക്കുന്നതിനേക്കാൾ അവളെ മുറിവേൽപ്പിക്കുന്നത്‌.
സ്വന്തമായി ഒരു ജോലിയോ വരുമാനമോ ഇല്ലെങ്കിൽ പിന്നെ പറയുകയും വെണ്ട. തന്റെയും കുട്ടികളുടേയും കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ സ്വന്തം വീട്ടുകാരുടെ മുഖത്തെ ഭാവ വ്യത്യാസം പോലും മരണ തുല്യമാവും അവൾക്ക്. പിന്നെ വീട്ടിൽ ഒരു അധികപ്പറ്റായി, പരിഹാസങ്ങൾ ഏറ്റുവാങ്ങി സ്വന്തം വിധിയെ ശപിച്ചു കൊണ്ടുള്ള ജീവിതം.
ഇതെല്ലാം മുന്നിൽ കണ്ട്, ഇതിൽ നിന്നുള്ള രക്ഷപ്പെടൽ പോലെയാകും ബിരിയാണി ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിഞ്ഞിട്ടും അഥവാ കിട്ടിയാലോ എന്നു കരുതി, ദൂരെ ആളി കത്തുന്ന തീയുടെ വെളിച്ചം കണ്ടു എരിഞ്ഞടങ്ങാൻ കുതിക്കുന്ന ഈയ്യാം പാറ്റയെ പോലെ പലരും ഇത്തരത്തിലുള്ള ഒളിച്ചോട്ടം സ്വീകരിക്കുന്നത്‌.
ഇത്തരം ചെയ്തികളെ ന്യായീകരിക്കാൻ പറ്റില്ലെങ്കിലും, ഒരു തരത്തിൽ പറഞ്ഞാൽ ഇവളേപ്പോലുള്ളവരെ ഇതുപോലുള്ള തെറ്റിലേക്ക് നയിക്കുന്നത് ഞാൻ ഉൾപ്പെടുന്ന സമൂഹമല്ലേ..?
എന്നിട്ടും അവിടേയും കുരിശിൽ ഏറ്റപ്പെടുന്നത്‌ സ്ത്രീകൾ തന്നെ. കൂടെയുള്ള ആണിനെ ആരും കുറ്റം പറയാറില്ല. ഒന്നുകിൽ കൂടെ പോയ പെണ്ണ് കണ്ണും കലാശവും കാണിച്ച് വശീകരിച്ചത് കൊണ്ടെന്നാവും, അല്ലെങ്കിൽ അവന്റെ ഭാര്യയുടെ പിടിപ്പുകേടു കൊണ്ട് എന്ന്.
എങ്ങിനെ വന്നാലും കുറ്റം പെണ്ണിന്റെ തലയിൽ തന്നെ.
ഇനിയിപ്പോ ഭാര്യയുടെ പിടിപ്പു കേടു കൊണ്ടു തന്നെയാണെന്നിരിക്കട്ടെ, പുരുഷനു ഇത്തരം കാര്യങ്ങളിലേക്ക്‌ നീങ്ങേണ്ട ഒരു സാഹചര്യവും ഇന്നു നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നു എനിക്ക് തോനുന്നില്ല.
പുരുഷൻ എന്നും സ്വന്തം കാലിൽ നിൽകാൻ കെൽപ്പുള്ളവനാണ്.അവന് സമൂഹത്തിൽ നിന്നോ വീട്ടുകാരിൽ നിന്നോ വിവാഹ മോചനം നടന്ന പെണ്ണിനു നേരിടേണ്ടി വരുന്ന തരത്തിലുള്ള ദുരവസ്ഥ ഇല്ല. വിവാഹ മോചനത്തിനോ പുനർ വിവാഹത്തിനോ തടസ്സവും ഇല്ല.
എന്നിട്ടും പുരുഷൻ എന്നും സമൂഹത്തിനു മുന്നിൽ വെള്ള പൂശപ്പെട്ടവൻ. പാവം സ്ത്രീകൾ എന്നും പഴി കേൾക്കാൻ വിധിക്കപ്പെട്ടവർ.
'സ്ത്രീ യുടെ ശത്രു സ്ത്രീ തന്നെ' എന്നത് അന്വർത്ഥമാക്കുന്ന തരത്തിൽ ഇതിൽ മുന്നിൽ നിൽക്കുന്നതും സ്ത്രീകൾ ആണ് എന്നതാണ് ഏറെ ഖേദകരം.
ഭർത്താവ് വഴിപിഴച്ചാൽ അത് ഭാര്യയുടെ പിടിപ്പുകേട്, മക്കൾ വഴിപിഴച്ചാൽ അത് അമ്മയുടെ വളർത്ത് ദോഷം, ഇനിയിപ്പോ അവൾക്ക് തെറ്റു പറ്റി പോയാലോ, അതിന് അവൾ മാത്രം കാരണം...
പഴികൾ ഏറ്റുവാങ്ങാൻ പെണ്ണിൻറെ ജീവിതം ഇനിയും ബാക്കി.... --------------------------------------------------
Read more...

ചിത എരിയുമ്പോൾ...


0 comments


ചിതയിലെ അവസാന കൊള്ളിയും കത്തിയമർന്നപ്പോൾ അയാൾ മെല്ലെ തിരിച്ചു നടന്നു.
വേളിയുടെ ചിതക്കു കൊള്ളി വെക്കുന്നത് പാപമാണ്. ഒരു സന്താനം ഇല്ലാതെ പോയത് ആ പാപവും തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു.
കാലുകൾക്ക് വല്ലാത്ത ഭാരം. ഇടറി വീഴാതിരിക്കാൻ അയാൾ പലപ്പോഴും ബദ്ധപ്പെടുന്നുണ്ടായിരുന്നു.
പടിയിൽ വെച്ചിരിക്കുന്ന ഓട്ടുകിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കാലും മുഖവും കഴുകി തോളിൽ കിടന്ന രണ്ടാം മുണ്ടു കൊണ്ട് മുഖവും തുടച്ചയാള്‍ ഉമ്മറത്തേക്ക് കയറി.
ആ വലിയ വീട്ടിലെങ്ങും തളം കെട്ടി കിടക്കുന്ന നിശ്ശബ്ദത.
മെല്ലെ കണ്ണുകൾ അടച്ചുകൊണ്ട് ചാരു കസേരയിലേക്ക് ചായുമ്പോള്‍ അയാളുടെ ഓർമ്മകൾ 40 വർഷങ്ങള്‍ പിന്നിലേക്കു പാഞ്ഞു.
തറവാട്ടിലെ ആണും പെണ്ണുമായിട്ടുള്ള ഏക സന്താനമായിരുന്നു.
പഠനം കഴിഞ്ഞു പട്ടണത്തിൽനിന്നും വരുന്ന വഴിക്കാണ് പൈക്കിടാവിനു പിന്നാലെ ഓടുന്ന അവളെ ആദ്യമായി കണ്ടത്.
തിളങ്ങുന്ന കരിങ്കൂവള കണ്ണുകൾ. അല്‍പ്പമിരുണ്ടതെങ്കിലും തുടുത്ത മുഖം. രണ്ടായി പിന്നിയിട്ട ഇടതൂർന്ന മുടി അവളുടെ ഓട്ടത്തിന്‍റെ താളത്തിൽ ഇളകുന്നുണ്ടായിരുന്നു. ഇടക്കിടെ പിന്നിലേക്ക് ഒതുക്കി വച്ചിട്ടും അനുസരണയില്ലാതെ മുഖത്തേക്ക് പാറി വീഴുന്ന കുറുനിരകൾ. മങ്ങിയതെങ്കിലും വൃത്തിയുള്ള പാവാടയും ജാക്കറ്റും.
ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന വല്ലാത്തൊരു ശാലീനതയുണ്ടായിരുന്നു അവൾക്ക്.
പുലയക്കുടിയിലെ ചെറുമന്‍റെ അഞ്ചു പെൺമക്കളിൽ മൂത്തവളായിരുന്നു അവള്‍, പേര് രാധ. കഠിനാദ്ധ്വാനിയായിരുന്നു ചെറുമൻ. അര വയറാണെങ്കിലും മാന്യമായി കുടുംബം പോറ്റുന്നവൻ.
തറവാട്ടിലെ ഏക സന്താനമായിരുന്നത് കൊണ്ടു തന്നെ കുത്തഴിഞ്ഞ ജീവിതമായിരുന്നു തന്‍റെത്. ജീവിതത്തിൽ വന്നും പോയുമിരുന്നിരുന്ന ഒരുപാട് സ്ത്രീകള്‍ക്കിടയില്‍, പക്ഷേ മറ്റാരിലും കാണാത്ത എന്തോ ഒരു പ്രത്യേകത രാധയിലുണ്ടായിരുന്നു.
അവളെ കാണാൻ വേണ്ടി മാത്രം ആ വഴി നടന്ന ദിനങ്ങൾ.
"ഏന്‍ പാവമാ തമ്പ്രാ... എന്നെ വിട്ടേക്ക്" എന്നു പറഞ്ഞു ആദ്യം പിൻമാറി യെങ്കിലും തന്‍റെ നിരന്തരമായ പ്രണയാഭ്യർത്ഥന ക്രമേണ മനസ്സിനെ തരളമാക്കിയപ്പോള്‍ അവള്‍ മനസ്സില്ലാമാനസ്സോടെ വഴങ്ങുകയായിരുന്നു.
കുളക്കടവിലും സർപ്പക്കാവിലും വെച്ചുള്ള രഹസ്യ സമ്മേളനങ്ങൾ പലപ്പോഴും പ്രണയത്തിന്‍റെ അതിർ വരമ്പുകൾ ഭേദിച്ചു.
തമ്പ്രാ.. അങ്ങയുടെ കുഞ്ഞു എന്‍റെ വയറ്റിൽ വളരുന്നു." അതുപറയുമ്പോള്‍ ഉള്ള അവളുടെ പരിഭ്രമം നിറഞ്ഞ മുഖം ഇപ്പോഴും ഓര്‍മ്മയിലുണ്ട്.
"നീ പേടിക്കാതെ, നമുക്ക് വഴിയുണ്ടാക്കാം" എന്നു പറഞ്ഞവളെ സമാധാനപ്പെടുത്തുമ്പോഴും അറില്ലായിരുന്നു എന്താണ് ചെയ്യുകയെന്ന്.
മൂടി വെക്കാനാവാത്ത വിധം ഞങ്ങളുടെ പ്രണയം വളർന്നപ്പോൾ ചെറുമൻ മകളേയും കൊണ്ടു തറവാട്ടു മുറ്റത്ത് വന്നു അപ്പനു നേരെ കൈകൾ കൂപ്പി. മുഖമടച്ചൊരാട്ടായിരുന്നു മറുപടി.
"ഞാള് പാവാണ് തമ്പ്രാ ഞാളെ കയ്യൊഴിയരുത്" ചെറുമന്‍റെ യാചന കേട്ട് അരിശം പൂണ്ട അപ്പൻ "എവിടെയെങ്കിലും കൊണ്ടു പോയി കുഴിച്ചു മൂടടാ, ഈ എരണം കെട്ടവളെ" എന്നു പറഞ്ഞു കൊണ്ടു മെതിയടി ഇട്ട കാലു കൊണ്ടു ചെറുമനെ ആഞ്ഞു ചവിട്ടി.
"അയ്യോ മ്പ്രാ, ഏന്‍റെ അച്ഛനെ ഒന്നും ചെയ്യല്ലേ" എന്നു പറഞ്ഞു തടസ്സം പിടിച്ച രാധയുടെ അടി വയറ്റിലായിരുന്നു അടുത്ത ചവിട്ട്.
മലർന്നടിച്ചു വീണ് ദയനീയമായി ഒരുനിമിഷമെന്നെ തുറിച്ചു നോക്കിയ ശേഷം എന്നെന്നേക്കുമായി അടഞ്ഞു പോകുന്ന അവളുടെ കണ്ണുകളിലേക്ക് നിർവികാരതയോടെ നോക്കി നില്കാനേ എനിക്കാവുമായിരുന്നുള്ളൂ.
അപ്പന്‍റെ ശിങ്കിടികള്‍ അവളുടെ തണുത്ത് വിറങ്ങലിച്ച മൃതശരീരമേതോ ആറ്റിലൊഴുക്കി.
"മിണ്ടിപ്പോയാൽ നിന്നെയും നിന്‍റെ ബാക്കി നാലു പെണ്മക്കളെയും ബാക്കി വെച്ചേക്കില്ല" എന്ന ഭീഷണിക്കു മുന്നില്‍, ദുര്‍ബലനായ ചെറുമന് തന്‍റെ മക്കളേയും കൂട്ടി രായ്ക്കുരാമാനം നാടുവിടുകയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു.
ചെറുമൻ തന്‍റെ പിഴച്ച മകളെ തച്ചുകൊന്ന് ആറ്റിൽ തള്ളി നാടു വിട്ടു എന്ന വാർത്ത കേട്ടാണ് പിറ്റേന്ന് നാടുണർന്നത്.
അടുത്ത നാട്ടിലെ മുന്തിയ തറവാട്ടിലെ പെണ്ണിനെ വേൾക്കുമ്പോൾ തന്‍റെ മനസ്സിലും കഴിഞ്ഞ ഒരു ചിത്രവും അവശേഷിച്ചിരുന്നില്ല. പക്ഷേ വിധിയുടെ വിളയാട്ടം ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം തങ്ങൾക്ക് നല്‍കിയില്ല.
പിന്നീട് പലപ്പോഴും രാധയും, ഗര്‍ഭത്തില്‍ മരിച്ച അവളുടെ ഭ്രാന്തമായി കരയുന്ന കുഞ്ഞും പലരാത്രികളിലും സ്വപ്നങ്ങളിൽ വന്നു തന്‍റെ ഉറക്കം കെടുത്തി.
തളര്‍വാതം അപ്പനെ വീഴ്ത്തി.കുറേ നാളത്തെ നരക യാതനക്ക് ശേഷം മരിക്കുമ്പോള്‍ ഒരു പേരക്കുട്ടിയെ കാണാനുള്ള ആശ നടക്കാത്തത് കൊണ്ടാവാം ആ കണ്ണുകൾ തുറന്നു തന്നെ കിടന്നിരുന്നത്.
ഇന്നവളും വിട്ടു പോയിരിക്കുന്നു. ഈ വലിയ വീട്ടിൽ പേടിപ്പെടുത്തുന്ന ഈ നിശ്ശബ്ദതയിൽ താനിനിയെത്ര നാൾ. ചെയ്തു കൂട്ടിയ പാപങ്ങള്‍ അനുഭവിച്ചു തീർക്കുകയെന്ന ലക്ഷ്യത്തോടെ മരണം പോലും പുല്‍കാതെ !
Read more...

Saturday, July 25, 2015

കല്യാണ പൊല്ലാപ്പ്


0 comments

കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ മലപ്പുറം ജില്ലയിലെ
എടരിക്കോട് നിന്നു തിരൂരിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു ഞാൻ. എഫ്.ബിയിലെ എൻറെ നല്ല പല സൗഹ്രൃദങ്ങളും അവിടങ്ങളിൽ ഉള്ളത്‌ കൊണ്ടാവും ആദ്യമായിട്ടാണ് ആ ഭാഗത്ത്‌ കൂടി യാത്ര ചെയ്യുന്നതെങ്കിൽ കൂടി അപരിചിതത്വം തോന്നാഞ്ഞത്. എന്റെ നാടിനെ അപേക്ഷിച്ചു ചൂട് ഇത്തിരി കൂടുതൽ തോന്നി എങ്കിലും നല്ല ഭംഗിയുള്ള സ്ഥലം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ടു വരുമ്പോഴാണ് ആ കാഴ്ചയിൽ കണ്ണ് ഉടക്കിയത്.
ഒരു വിവാഹ പാർട്ടിയുടെ വാഹനങ്ങൾ... അതിൽ ഒരു പഴയ ആൾട്ടോ കാറിന്റെ പുറത്ത്‌ ലിപ്സ്റ്റിക്കോ മറ്റോ ഉപയോഗിച്ച്‌ കല്യാണ പയ്യനെ പറ്റി എന്തൊക്കെയോ തമാശകൾ എഴുതി വെച്ചിരിക്കുന്നു. ആ കാറിന്റെയുള്ളിൽ ആരാണ് ഉള്ളതെന്ന് വ്യക്തമല്ലെങ്കിലും വധൂ വരന്മാർ ആകുമെന്നു ഞാൻ ഊഹിച്ചു. അവർ ആസ്വദിച്ചങ്ങനെ പോകുകയാണ്.
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒന്നും ഉണ്ടാവാറില്ലാത്തതിനാൽ ഇതെനിക്കൊരു പുതു കാഴ്ചയായിരുന്നു. സത്യം പറഞ്ഞാൽ അതിൽ ഇരിക്കുന്ന വധൂ വരന്മാരോട്‌ എനിക്ക്‌ അസൂയ തോന്നി. ഇത്തരം നല്ല നിമിഷങ്ങൾ ഭാവിയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ആശ്വാസം നൽകാൻ മുതൽ കൂട്ടാകും.
ഇതു കണ്ടതും കിട്ടിയ അവസരം മുതലെടുത്ത്‌ ടിക്കറ്റ്‌ വാങ്ങി എൻറെ ഫ്ലാഷ്‌ ബാക്കിലേക്ക് ഞാനും‌ ഫ്ലൈറ്റ്‌ പിടിച്ചു.
രാവിലെ മുതൽ മെയ്ക്കപ്പ്‌ ഒലിച്ചു മുഖം വൃത്തികേട്‌ ആകുമല്ലോ എന്നു ഭയന്നു നിയന്ത്രിച്ച കണ്ണുനീർ അവസാനം ചെക്കന്റെ വീട്ടുകാർ കൂട്ടി കൊണ്ടു പോകാൻ വന്നതോടെ നിയന്ത്രണാതീതമായി.
അവസാനം വീട്ടിൽ നിന്നിറങ്ങുമ്പോൾ ഓരോരുത്തരെയായി കെട്ടിപ്പിടിച്ചു കരച്ചിലായിരുന്നു. (വീട്ടിൽ പന്തലിടാൻ വന്ന പയ്യനേയും ഭക്ഷണം ഉണ്ടാക്കാൻ വന്ന ഇക്കയേയും വരെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു എന്നു ചില ദോഷൈകദൃക്കുകൾ പറഞ്ഞു നടക്കുന്നുണ്ട്‌. അതു വെറും കള്ളമാണ്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നെ നാറ്റിക്കാനായി എല്ലാ കൂതര ഫൊട്ടോസും പിടിച്ച ആ ഫോട്ടോഗ്രഫർ അതും പകർത്തിയേനെ). പിന്നീട് വിലാപ യാത്രകണക്കെ വഴി നീളെ ചന്ദനമഴ സീരിയലിലെ അമൃതയെ വെല്ലുന്ന കരച്ചിലായിരുന്നു.
ഇതിലെ വധുവിനു ആ സങ്കടം ഉണ്ടാവാനിടയില്ല. ഇവരുടെ ഈ തമാശകൾക്കിടയിൽ ഗാപ്പ്‌ കിട്ടീട്ടു വേണ്ടേ കരയാൻ.
ഇവരുടെ ഈ ആഘോഷ തിമർപ്പിൽ പിന്നിൽ വണ്ടിയുണ്ടെന്നോ അതിന് സൈഡ് കൊടുക്കണമെന്നോ അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ കയറിയ ആന വണ്ടി ഡ്രൈവർക്കാകട്ടെ ഒടുക്കത്തെ കലിപ്പും. ആ കലിപ്പിൽ ചെവി പൊത്തേണ്ടി വന്നത്‌ ഞങ്ങൾ യാത്രക്കാർക്ക്‌ ആണ്. ഒടുക്കത്തെ ഹോൺ അടി. എന്റെ മുന്നിലിരിക്കുന്ന യാത്രക്കാരുടെ വാക്കുകളിൽ വാഹനത്തിനു സൈഡ്‌ കൊടുക്കാതെയുള്ള ഇവരുടെ പ്രവൃത്തിയിലെ അസഹിഷ്ണുത പ്രകടമായിരുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ഉപ്പയുടെ പ്രതികരണവും മറിച്ചായിരുന്നില്ല. ട്രെയിൻ മിസ്സ്‌ ആവുമോ എന്നുള്ള വേവലാതി ഉപ്പാക്കും ഉണ്ടായിരുന്നു.
പക്ഷെ അധിക സമയം അവരുടെ തടസ്സം ഉണ്ടായില്ല. കുറച്ച്‌ ദൂരം പിന്നിട്ടപ്പോൾ അവർക്ക്‌ എത്തേണ്ട സ്ഥലം എത്തിയത് കൊണ്ടോ അതോ പിന്നിൽ നിന്നു വരുന്ന വണ്ടികൾക്ക്‌ സൈഡ്‌ തന്ന് കയറ്റി വിട്ടതാണോ എന്നറിയില്ല അവരുടെ വണ്ടികൾ സൈഡിൽ ഒതുക്കി നിർത്തി.
എൻറെ ബസ്സ് ഡൈവർ അവരെ നോക്കി ഒരു പുഛം സ്മൈലി കമൻറ് ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. യാത്രക്കാരാകട്ടെ മനസ്സിൽ ഫീലിംഗ് റിലാക്സ്ഡ് സ്റ്റാറ്റസും ഇട്ടു. നല്ലൊരു കാഴ്ച മിസ്സായതിനാൽ എനിക്കും ഫീലിംഗ് ലോസ്റ്റ് എന്നു സ്റ്റാറ്റസ് ഇടാൻ തോന്നിയെങ്കിലും ഉപ്പയുടെ ചീത്ത ഭയന്ന് ഞാനത് കാൻസൽ ചെയ്തു.
ഞാൻ പറഞ്ഞു വന്നത്‌ എന്താനെന്നാൽ നമ്മൾ നിരുപദ്രവകരം എന്നു കരുതി ചെയ്യുന്ന ചില കളിതമാശകൾ മറ്റുള്ളവർക്ക്‌ ഇറിറ്റേഷൻ ഉണ്ടാക്കുന്നത്‌ ആഘോഷ തിമർപ്പിൽ നമ്മൾ ശ്രദ്ധിക്കാറില്ല. ഇവിടെ കുറച്ചു നേരമേ അത് സംഭവിച്ചുള്ളൂ. എന്നിട്ടും പലരുടേയും മുഖം കറുക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. അത്കൊണ്ട് കല്യാണം പോലുള്ള മംഗള കാര്യങ്ങളിൽ എങ്കിലും ഇത്തരത്തിലുള്ള തെറ്റ് നമ്മളിൽ നിന്നും സംഭവിക്കാതെ ശ്രദ്ധിക്കണം. എല്ലാവരുടേയും അനുഗ്രഹം കൊതിച്ച് പുതുജീവിതം തുടങ്ങേണ്ട മംഗളവേളയിൽ നാമറിയാത്തവരുടെ നീരസത്തിന് പാത്രമാവാതിരിക്കുന്നതല്ലേ ഉത്തമം. smile emoticon
Read more...