അലാറത്തിന്‍റെ നിർത്താതെയുള്ള ശബ്ദം കേട്ടാണ് മുനീര്‍ ഉണർന്നത്. രാത്രി ഏറെ വൈകിക്കിടന്നതിനാല്‍ രാവിലെ ഉണർന്നില്ലെങ്കിലോ എന്നു കരുതിയാണ് അലാറം വെച്ചത്.
കുളിച്ചു ഫ്രഷ് ആയി മുനീര്‍ സുബ്ഹി നിസ്കരിക്കാൻ കയറി. സാധാരണ ആ സമയത്തയാൾ എഴുന്നേൽക്കാറില്ല. അതുകൊണ്ടു തന്നെ സുബ്ഹി നിസ്കാരവും കുറവാണ്.
ഇന്നയാളുടെ കുഞ്ഞു പെങ്ങളുടെ വിവാഹമാണ്. അവളുടെ ഭാവി ശോഭനമാകാൻ അള്ളാഹുവിനോട് മനമുരുകി പ്രാർത്ഥിക്കണം .
നമസ്കാരം കഴിഞ്ഞു സലാം വീട്ടാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ "മുനീറേ..." എന്ന വിളി കേട്ടത്.
വിളിയിലെ പരിഭ്രമം മനസ്സിലാക്കിയ അയാൾ പെട്ടെന്നു തന്നെ സലാം വീട്ടി ഉമ്മയുടെ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. അവിടെ ഉമ്മയും അടുത്ത ചില ബന്ധുക്കളും നിൽക്കുന്നുണ്ടായിരുന്നു.
മുനീറിനെ കണ്ടതും വാവിട്ടു കരഞ്ഞു കൊണ്ടു ഉമ്മ ഒരു പേപ്പർ അവന്‍റെ നേർക്ക് നീട്ടി.
"ഉപ്പയും, ഉമ്മയും, ഇക്കാക്കയും എന്നോട് ക്ഷമിക്കണം. നിസാർക്കയെ മറക്കാൻ എനിക്ക് പറ്റുന്നില്ല. എന്നെ തിരയണ്ട. ഞാൻ നിസാർക്കയോടൊപ്പം പോകുന്നു." അയാളുടെ കയ്യിൽക്കിടന്നാ ആ കടലാസ് തുണ്ട് വിറച്ചു.
"അവളെ കാണാനില്ല മോനേ... ഇന്നലെ മൈലാഞ്ചി ഇട്ടതിനു ശേഷം മുറിയിൽ ഉറങ്ങാൻ വേണ്ടി പോയതാണ്. ഇന്നു രാവിലെ ഉണർത്താൻ മുറിയിൽ ചെന്നപ്പോൾ കാണാനില്ല." ഉമ്മ കരഞ്ഞു കൊണ്ടാണ് പറഞ്ഞോപ്പിച്ചത്.
"ഉമ്മ വിഷമിക്കാതെ....അവൾ എങ്ങും പോയിക്കാണില്ല. ഞാൻ അന്വേഷിച്ചിട്ട് വരാം"
അയാൾ ബൈക്കുമെടുത്ത് അന്വേഷിക്കാനായി തിരിച്ചു. ബസ് സ്റ്റാന്‍റിലും, റെയിൽവേ സ്റ്റേഷനിലും അവളെ കണ്ടുമുട്ടാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അരിച്ചു പെറുക്കി. പക്ഷെ നിരാശയായിരുന്നു ഫലം.
അയാൾ തളർന്നു പ്ലാറ്റ് ഫോമിലെ ബെഞ്ചിലേക്കിരുന്നു.
ഉപ്പാക്കും ഉമ്മാക്കും അവര്‍ രണ്ടു മക്കളായിരുന്നു - മുനീറും മുനീറയും. മുനീറിനേക്കാൾ 4 വയസ്സിനു ഇളയവൾ ആണ് മുനീറ. നല്ല സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം.
ഞങ്ങളുടെ വീടിന്‍റെ ഐശ്വര്യമാണെന്ന് വിശ്വസിച്ചിരുന്ന തന്‍റെ കുഞ്ഞു പെങ്ങൾ , ഞങ്ങളുടെ മുഖത്ത് കരി വാരി തേച്ചു പോയിരിക്കുന്നു !
ചെക്കന്‍റെ വീട്ടുകാരോടെന്തു പറയും ?
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. മുനീറിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല.
അവളുടെ ഒരു ഇഷ്ടത്തിന്നും വീട്ടുകാര്‍ എതിരു നിന്നിട്ടില്ല. സ്കൂൾ പഠനത്തിനു ശേഷം പട്ടണത്തിലെ കോളേജിൽ പഠിക്കണം എന്നു പറഞ്ഞപ്പോഴും ഒന്നും എതിരു പറയാതെ സമ്മതിക്കുകയായിരുന്നു.
കോളേജ് പഠനം കഴിയാറായപ്പോൾ അവൾക്കു വിവാഹാലോചനകള്‍ വന്നു തുടങ്ങിയപ്പോഴാണ് അവൾ തന്‍റെയിഷ്ടം മുനീറിനോട് മടിച്ചു മടിച്ചു വെളിപ്പെടുത്തിയത്.
അവളുടെ കോളേജിനടുത്ത് കമ്പ്യൂട്ടര്‍ ഷോപ്പ് നടത്തുന്ന പയ്യൻ, പേര് നിസാർ.
അന്വേഷിച്ചപ്പോൾ തെറ്റില്ലാത്ത പയ്യൻ. മുനീറിന്‍റെ വീട്ടുകാരുടെയത്ര സാമ്പത്തിക സ്ഥിതിയും തറവാട്ടു മഹിമയും ഇല്ലെങ്കിലും മാന്യമായ കുടുംബം.
അങ്ങനെയാണ് മുനീര്‍ വാപ്പയോടക്കാര്യം അവതരിപ്പിച്ചത്. പക്ഷെ വാപ്പ ആ ബന്ധത്തിന് തയ്യാറായില്ല.
മകൾ പ്രണയിച്ചു വിവാഹം കഴിക്കുന്നു എന്നതിനേക്കാൾ വാപ്പയെ ചൊടിപ്പിച്ചത് സാമ്പത്തികമായി അവൻ പിന്നിലായിരുന്നു എന്നതായിരുന്നു .മുനീറും പെങ്ങളും അന്ന് വാപ്പയുടെ മുന്നിൽ ഒരുപാട് കെഞ്ചിയതാണ്. പക്ഷേ വാപ്പ തീരുമാനത്തിൽ അണുവിട മാറ്റം വരുത്താന്‍ തയ്യാറായില്ല.
വീട്ടിൽ വന്നു വിവാഹം ആലോചിച്ച നിസാറിനെയും, അമ്മാവനെയും, സുഹൃത്തിനേയും അപമാനിച്ചു പറഞ്ഞയക്കുമ്പോൾ അകത്ത് പൊട്ടിക്കരയുന്ന മുനീറയുടെ മുഖം ഇന്നും മായാതെ മുനീറിന്‍റെ മനസ്സിൽക്കിടക്കുന്നുണ്ട്.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
മുനീറയുടെ എതിർപ്പ് വക വെക്കാതെ പേരുകേട്ട തറവാട്ടിലെ പയ്യനുമായി കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞാൽ അവളെല്ലാം മറക്കുമെന്നായിരുന്നു വാപ്പയുടെ വാദം.
ഇന്നലെ മൈലാഞ്ചിയിടുമ്പോഴും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിക്കുകയായിരുന്നു എല്ലാവരും.
ഇന്നവൾ വീട്ടുകാരുടെ അഭിമാനം കാര്യമാക്കാതെ അവള്‍ക്കിഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു.
ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അയാൾക്കറിയില്ലായിരുന്നു .
മകളുടെ മനസ്സു കാണാന്‍ സന്മനസ്സു കാണിക്കാത്ത വാപ്പയെയോ ? അതോ ഇത്രയും കാലം മക്കളെ ഒരു കുറവും അറിയിക്കാതെ പോറ്റി വളർത്തിയ വാപ്പയുടെയും കുടുംബത്തിന്‍റെയും അഭിമാനം ഒരൊറ്റ നിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞ, തങ്ങളെ അന്യരാക്കി കടന്നു പോയ കുഞ്ഞു പെങ്ങളെയോ ?
------------------------------------------
മാതാപിതാക്കളോടൊരു വാക്ക്: നിങ്ങളുടെ മകൾ കൊള്ളാവുന്ന ഒരാളെയാണ് പ്രണയിക്കുന്നതെങ്കിൽ ജീവിത കാലം മുഴുവൻ അവൾ അവന്‍റെ കൂ
ടെ സന്തോഷത്തോടെ കഴിയുമെങ്കിൽ നിങ്ങൾ ആ ബന്ധത്തിന് എതിരു നിൽകുന്നതെന്തിന്?
ടെ സന്തോഷത്തോടെ കഴിയുമെങ്കിൽ നിങ്ങൾ ആ ബന്ധത്തിന് എതിരു നിൽകുന്നതെന്തിന്?
മക്കളോട്: ഒരു കുറവും വരുത്താതെ ജീവിതത്തിന്‍റെ നല്ലൊരുഭാഗം നിങ്ങള്‍ക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വെക്കുന്ന രക്ഷിതാക്കളുടെ മുഖം ഇന്നലെ അറിഞ്ഞ ഒരാളുടെ സ്നേഹത്തിനു വേണ്ടി മറക്കാൻ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?






